കേന്ദ്രവിഹിതം ലഭ്യമാക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ കൂടെനില്‍ക്കുന്നില്ലെന്ന് ബാലഗോപാല്‍

ന്യൂദല്‍ഹി- കേരളത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യു.ഡി.എഫ്. എം.പിമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്തെ കടമെടുക്കാന്‍ സമ്മതിക്കുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.
കേരളത്തിനു ലഭിക്കേണ്ട നികുതി വിഹിതവും വരുമാനവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. ഇത് കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കാന്‍ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഒപ്പം നില്‍ക്കുന്നില്ല. എം.പിമാര്‍ കേരളത്തിലെ ജനങ്ങളോട് വഞ്ചനാപരമായി പെരുമാറുകയാണ്. ഇത് യു.ഡി.എഫിന്റെ നയമാണോ എന്ന് നേതൃത്വം മറുപടി പറയണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തില്‍ കേരളത്തിന് ലഭ്യമാകേണ്ട നികുതി വരുമാന വിഹിതം വാങ്ങാന്‍ കൂടെനില്‍ക്കാമെന്ന് എം.പിമാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സമയം നിശ്ചയിച്ച് ദല്‍ഹിയിലെത്തി ധനമന്ത്രിയെക്കാണാന്‍ തീരുമാനിച്ചെങ്കിലും അതുസംബന്ധിച്ച മെമ്മൊറാണ്ടത്തില്‍ ഒറ്റ യു.ഡി.എഫ് എം.പിയും ഒപ്പിടാനോ കൂടെ നില്‍ക്കാനോ തയാറായില്ല. കേരളത്തിലെ എം.പി.മാര്‍ ബി.ജെ.പിയുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റിലും മറ്റും കേരളത്തിന് എതിരായി സംസാരിക്കാന്‍ ഇവര്‍ തയാറാകുന്നുണ്ടെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

 

Latest News