മദീന പുണ്യനഗരിയില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു

മദീനയില്‍ ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ട വിദേശ തൊഴിലാളിയെ  നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവം വലിയ വാര്‍ത്തയായി. ക്രൂരമായി മര്‍ദിച്ച ശേഷം അയാളുടെ പക്കലുണ്ടായിരുന്ന നിസ്സാര തുക കൈക്കലാക്കിയാണ് അക്രമി സംഘം മടങ്ങിയത്.
ഗുരുതര പരിക്കുകളോടെയാണ് തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുരക്ഷാ അധികൃതര്‍.
അബ്ദുല്ല അല്‍ ജമീലി
 
മദീനയില്‍ ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുകയാണ് അല്‍മദീന ദിനപത്രത്തില്‍ കോളമിസ്റ്റ് അബ്ദുല്ല അല്‍ ജമീലി.
മാനവികതയും അനുകമ്പയും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വവും ലോകത്തിനു കാഴ്ചവെച്ച പുണ്യനഗരിയാണ് മദീന. പ്രവാചകന്‍ മുഹമ്മദിനേയും (സ) അനുയായികളേയും വരവേറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച പ്രദേശം. സുരക്ഷയുടേയും ശാന്തിയുടേയും ചരിത്രമോതുന്ന മദീന. സമാധാനത്തിന്റേയും മാനവികതയുടേയും അനശ്വര തലസ്ഥാനം. ലോകത്തിനു വെളിച്ചം നല്‍കിയ പുണ്യനഗരം. ധാര്‍മികതക്കും ദാനം നല്‍കുന്നതിനും ആതിഥ്യ മര്യാദക്കും പുകള്‍പെറ്റ പ്രവാചക നഗരി. സന്ദര്‍ശകരെ എപ്പോഴും സ്‌നേഹിക്കുകയും വരവേല്‍ക്കുകയും ചെയ്ത പുണ്യമദീന. മദീനയിലെ ജനങ്ങള്‍ അനുകമ്പക്ക് പേരു കേട്ടവരാണ്- അങ്ങനെ മദീനയുടെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം കുറ്റവാളികളോടുള്ള രോഷം മുഴുവന്‍ പ്രകടിപ്പിക്കുന്നത്.
ഒരു പാവം തൊഴിലാൡക്ക് മര്‍ദനമേറ്റ സംഭവം ഒറ്റപ്പെട്ടതാകാമെങ്കിലും അതു മൊത്തം നഗരത്തേയും അവിടത്തെ നല്ല ജനങ്ങളേയുമാണ് വേദനിപ്പിച്ചത്.
മദീന മേയര്‍ ഈ തൊഴിലാളിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍ അത് അയാളുടെ ആത്മവീര്യം വര്‍ധിപ്പിക്കാനും മനസ്സില്‍ മൊത്തം സൗദികളെ കുറിച്ചുള്ള പ്രതിഛായ വര്‍ധിപ്പിക്കാനും ഇടയാക്കിയേനെ എന്നു പറഞ്ഞുകൊണ്ടാണ് അബ്ദുല്ല അല്‍ ജമീല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. മേയറുടെ സന്ദര്‍ശനം നടക്കാതെ പോയത് തന്നെ പോലുളള പലരുടേയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയെന്നും അദ്ദേഹം പറയുന്നു.

Latest News