മതത്തിന്റെ പേരിലുള്ള തരംതിരിവിനെതിരെ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ന്യൂദല്‍ഹി- മതത്തിന്റെ പേരില്‍ വ്യക്തികളോട് തരംതിരിവ് കാട്ടുന്നത് ഇന്ത്യയുടെ ഭരണഘടനാ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് തെറ്റാണെന്നും ദല്‍ഹി ഹൈക്കോടതി. മതാനുഷ്ഠാനങ്ങളുടെ പേരില്‍ ഒരു വ്യക്തിയെ തരംതിരിക്കാന്‍ പാടില്ലെന്നും ഇമിഗ്രേഷന്‍, പോലീസ് വകുപ്പുകള്‍ക്ക് കോടതി മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ വംശജനും കനേഡിയന്‍ പൗരനുമായ ഒരു മുസ്ലിം യുവാവിന്റെ പരാതി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. കാനഡയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നെ നേരത്തെ ഇന്ത്യയിലെത്തിയപ്പോള്‍ പള്ളികള്‍ സന്ദര്‍ശിക്കുകയും മതചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി മടക്കി അയച്ചുവെന്നാണ് മുഹമ്മദ് അബ്ദുല്‍ മൊയീദ് എന്ന കനേഡിയന്‍ പൗരന്റെ പരാതി. തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

ഹരിയാനയിലെ ഒരു പോലീസ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 'തബ്ലീഗ് പ്രവര്‍ത്തനവുമായി ഇദ്ദേഹം വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുസ്ലിംകള്‍ ഒന്നിക്കണമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ പോരാടണമെന്നും ഇദ്ദേഹം പ്രചരിപ്പിച്ചതായു കരുതപ്പെടുന്നു. ദേശവിരുദ്ധ സംഘടനകള്‍ക്ക് പണപ്പിരിവ് നടത്തിയിട്ടുമുണ്ടാകാം,' സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

ഈ വാദങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ഒരു തെളിവും അധികൃതരുടെ പക്കലില്ലെന്നു വ്യക്തമാക്കിയ കോടതി ഇവ തള്ളിക്കളഞ്ഞു. മൊയീദ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് കനേഡിയന്‍ അധികൃതരുടെ ശ്രദ്ധയിലെത്തേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ വിസാ ചട്ട ലംഘനങ്ങളും ഒരാളെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ തക്കതല്ല. ദേശീയ താല്‍പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ തെളിവുകള്‍ കാണിക്കാനുണ്ടെങ്കില്‍ മാത്രമെ തടയാനാകൂവെന്നും കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൊയീദിന്റെ കേസ് പുനപ്പരിശോധിക്കണമെന്നും അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
 

Latest News