പുതിയ ഐ ഫോണുകളുടെ നിർമാണത്തിൽ ഇന്ത്യയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആപ്പിളിന്റെ നീക്കം. പുതിയ ഫീച്ചറുകളിലുള്ള ഫോണുകൾ ഇന്ത്യയിൽ നിന്ന് കൂടുതലായി നിർമിച്ച് ഇന്ത്യൻ വിപണികളിലും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും വിൽപന നടത്താനാണ് ആപ്പിളിന്റെ ശ്രമം. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ ആപ്പിൾ ഐഫോൺ 15 ന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിൽ നിന്നാണ് നിർമാണം തുടങ്ങിയത്. ഭാവിയിൽ ആപ്പിൾ ഇറക്കുന്ന പുതിയ ഫോണുകളെല്ലാം ഇന്ത്യയിൽ നിന്ന് വൻതോതിൽ നിർമിക്കാനാണ് നീക്കം. നിലവിൽ ചൈനയിൽ നിന്നാണ് ഐ ഫോണുകൾ പ്രധാനമായും നിർമിക്കുന്നത്. ചൈനയിൽ നിർമിക്കുന്ന ഐ ഫോണൂകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിപണിയിലേക്കെത്താൻ സമയക്കൂടുതൽ വരുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ചൈനയിൽ നിന്നുള്ള നിർമാണം കുറച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം പുതിയ ഐ ഫോണുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ മികച്ച വിപണിയാണ്. പുതിയ ഐ ഫോണുകൾ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോകുന്നുമുണ്ട്. അതുകൊണ്ട് തന്നെ എത്രയും വേഗത്തിൽ പുതിയ ഐ ഫോണുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ എത്തിക്കുകയെന്ന ലക്ഷ്യമാണ് ആപ്പിളിനുള്ളത്. മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ആകെ ഐഫോൺ ഉൽപാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോൾ ഇന്ത്യയിലാണ്. അടുത്ത മാസം വിപണിയിലിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐ ഫോൺ 15 ൽ നിരവിധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.