ഭൂമിയിൽ എവിടെയും രണ്ടു മണിക്കൂർ കൊണ്ട് എത്താൻ കഴിഞ്ഞാലോ... ഇതൊരു ശാസ്ത്ര കൽപിത കഥയൊന്നുമല്ല. അധികം വൈകാതെ രംഗപ്രവേശം ചെയ്യാൻ പോകുന്ന സബ് ഓർബിറ്റൽ ഫ്ളൈറ്റുകളെ പറ്റിയാണ് പറയുന്നത്. ആദ്യവിമാനം നിർമിച്ച റൈറ്റ് സഹോദരന്മാരുടെ ആദ്യ ആകാശ സഞ്ചാരത്തിന് 120 വർഷം തികയുമ്പോൾ ആകാശയാത്ര, വേഗത്തിൽ റെക്കോഡിട്ട് നൂതന സാധ്യതകളിലേക്ക് കുതിക്കുകയാണ്. ശാസ്ത്രത്തിന്റെ പിൻബലത്തിൽ. സാധാരണ യാത്രാവിമാനങ്ങൾ മുതൽ വേഗം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച വിമാനങ്ങളുടെ വരെ കടന്നുവരവിന് ലോകം സാക്ഷ്യം വഹിക്കാൻ അടിസ്ഥാനമായത് റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടിത്തമാണ്.
സമയത്തെയും ദൂരത്തെയും വേഗം കൊണ്ട് കീഴടക്കാനുള്ള ഗവേഷണ പരീക്ഷണങ്ങൾ ശാസ്ത്രലോകം തുടരുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ദൂരമേറെ താണ്ടുകയെന്ന മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹം ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിപ്പ് യാഥാർഥ്യമാക്കിക്കഴിഞ്ഞു. നൂതന സൂപ്പർ സോണിക്, ഹൈപ്പർ സോണിക് വിമാനങ്ങളും സബ്ഓർബിറ്റൽ വിമാനങ്ങളുമൊക്കെയാണ് ഇപ്പോൾ ചർച്ചാവിഷയം. ബഹിരാകാശത്തിന്റെ അനന്ത വിസ്മയങ്ങളിലേക്കുള്ള ദൗത്യങ്ങളും ആവേശം പകരുന്നു. വരുംനാളുകളിൽ ഈ രംഗത്തുണ്ടാകുന്ന ശാസ്ത്ര നേട്ടങ്ങൾ അത്ഭുതാവഹമായിരിക്കും.
കോൺകോർഡിന്റെ പിൻഗാമി
മണിക്കൂറിൽ 1500 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന എക്സ്- 59 എന്ന നൂതന സൂപ്പർ സോണിക് വിമാനം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിൽ മുന്നേറുകയാണ് ബഹിരാകാശ ഏജൻസിയായ നാസ. കോൺകോർഡിന്റെ പിൻഗാമിയെന്നാണ് ഈ വിമാനത്തെ വിശേഷിപ്പിക്കുന്നത്. യാത്രികരെയും വഹിച്ച് അതിവേഗം ദൂരത്തെ പിന്നിലാക്കി പറന്ന ബ്രിട്ടീഷ് കോൺകോർഡ് വിമാനങ്ങൾ യാത്ര അവസാനിപ്പിച്ചിട്ട് രണ്ടു ദശാബ്ദത്തോളമായി. എന്നാൽ ശബ്ദാതിവേഗ സഞ്ചാരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന നാസയുടെ പുതിയ കാൽവെപ്പ് ആകാംക്ഷയോടെയാണ് ലോകം കാണുന്നത്. സൂപ്പർ സോണിക് കോൺകോർഡ് വിമാനങ്ങളുടെ വലിയൊരു പ്രശ്നമായിരുന്നു സോണിക് ബൂം എന്നു വിശേഷിപ്പിക്കുന്ന വൻ ശബ്ദമലിനീകരണം. എന്നാൽ, എക്സ്- 59 ൽ ക്വയറ്റ് സൂപ്പർ സോണിക് ടെക്നോളജി ഉപയോഗപ്പെടുത്തി ഈ പ്രശ്നം പരമാവധി പരിഹരിക്കാനാണ് ശ്രമം. നിലവിലെ രൂപകൽപന അനുസരിച്ച് ഇതിന് കോൺകോർഡ് വിമാനങ്ങളുടെ യാത്രാവേഗം ഉണ്ടാകില്ലെങ്കിലും ക്രമേണ ഉയർന്ന വേഗത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. പരീക്ഷണപ്പറക്കൽ അധികം വൈകില്ല. ആകൃതിയിൽ കോൺകോർഡിനോട് സാദൃശ്യം പുലർത്തുന്ന, ഒറ്റ സീറ്റുള്ള എക്സ് 59 വിമാനത്തിന് 100 അടി നീളവും 14 അടി ഉയരവും ചിറകിന് 29.5 അടി നീളവുമാണ് ഉണ്ടാകുക.
വേറെയും അതിവേഗ വിമാനങ്ങൾ
വേറെയും സൂപ്പർ സോണിക് വിമാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡെൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൂം സൂപ്പർ സോണിക് കമ്പനിയുടെ ഓവർച്വർ എന്ന സൂപ്പർ സോണിക് വിമാനം 2026 ആകുമ്പോഴേക്കും പറക്കലിനു സജ്ജമാകുമെന്ന് അവർ അവകാശപ്പെടുന്നു. വേഗം മണിക്കൂറിൽ 2300 കിലോമീറ്റർ. സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചില സൂപ്പർ സോണിക് വിമാനങ്ങളും വേഗത്തിൽ റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്.
ഉലകം ചുറ്റാൻ സബ് ഓർബിറ്റൽ ഫ്ളൈറ്റുകൾ
സബ് ഓർബിറ്റൽ ഫ്ളൈറ്റിന്റെ വരവോടെ അടുത്ത ഏതാനും വർഷത്തിനുള്ളിൽ ലണ്ടനിൽനിന്ന് സിഡ്നിയിലേക്കുള്ള 22 മണിക്കൂർ വിമാന യാത്രാസമയം രണ്ടു മണിക്കൂറായി ചുരുങ്ങും. പ്രത്യേക തരം റോക്കറ്റ് എൻജിനുകളുടെ സഹായത്തോടെയാണ് സബ് ഓർബിറ്റൽ വിമാനങ്ങൾ ആകാശത്ത് ഏതാണ്ട് 200 കിലോമീറ്റർ ഉയരത്തിലേക്ക് കുതിക്കുക. തുടർന്ന് അതിവേഗം പറന്ന് ലക്ഷ്യസ്ഥാനത്ത് എത്തും. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനിയും റിച്ചാർഡ് ബ്രാൻസന്റെ വർജിൻ ഗാലക്ടിക് കമ്പനിയുമൊക്കെ ബഹിരാകാശ വിനോദ സഞ്ചാരത്തിൽ ഉപയോഗിക്കുന്ന തരം റോക്കറ്റുകളാണ് ഇതിന് ആവശ്യം. മണിക്കൂറിൽ ഏതാണ്ട് 6000 കിലോമീറ്ററാണ് സബ് ഓർബിറ്റൽ വിമാനത്തിന്റെ വേഗം. നാസ, ചൈനയിലെ സ്പേയ്സ് ട്രാൻസ്പോർട്ടേഷൻ കമ്പനി, ഇലോൺ മസ്കിന്റെ സ്പേയ്സ്
എക്സ് കമ്പനി എന്നിവയൊക്കെ ഏറെ ശ്രദ്ധ ചെലുത്തുന്ന മേഖലയാണ് ഇത്.
ഹൈപ്പർ സോണിക് യാത്രായുഗം വരുമോ?
വേഗത്തിൽ സൂപ്പർ സോണിക് വിമാനങ്ങളെയും പുറന്തള്ളാൻ ശേഷിയുള്ള ഹൈപ്പർ സോണിക് വിമാനങ്ങളും അധികം വൈകാതെ ആകാശത്ത് വിസ്മയങ്ങൾ വിരിയിച്ചേക്കും. മാക് 5 നു മുകളിലാകും ഇവയുടെ വേഗം. മാക് 10 വരെ വേഗം സാധ്യമാക്കാൻ ബഹിരാകാശ പദ്ധതികൾക്കായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനാണ് ശ്രമം. 2004 ൽ നാസ നടത്തിയ എക്സ്-43 എന്ന പൈലറ്റില്ലാ ഹൈപ്പർ സോണിക് വിമാനത്തിന്റെ പരീക്ഷണം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. വേഗമാകട്ടെ മാക് 9.6. സിനർജെറ്റിക് എയർ ബ്രീതിങ് റോക്കറ്റ് എൻജിന്റെ സാധ്യത പ്രയോജനപ്പെടുത്തി 2030- ആകുമ്പോഴേക്കും ഒരു ഹൈപ്പർ സോണിക് വിമാനം വികസിപ്പിച്ചെടുക്കാനുള്ള സംയുക്ത ശ്രമത്തിലാണ് യുകെ സ്പേയ്സ് ഏജൻസിയും ഓസ്ട്രേലിയൻ സ്പേയ്സ് ഏജൻസിയും. നൂതന ഡിസൈനിലുള്ള ചെറിയ പറക്കുംവാഹനങ്ങളും വ്യാപകമാകും. ഇതിനൊരു ഉദാഹരണമാണ് ചെറിയ എയർ ടാക്സികൾ. ആർക്കാണ് ഇത്ര വേഗത്തിൽ പോകാനുള്ളതെന്നും മറ്റുമുള്ള ചോദ്യങ്ങൾ അപ്രസക്തമാകുകയാണ് എന്നർഥം.
റൈറ്റ് സഹോദരന്മാരുടെ പറക്കലിന് 120
മനുഷ്യന്റെ ആകാശയാത്ര സ്വപ്നങ്ങൾക്ക് കരുത്തൻ ചിറകുകൾ സമ്മാനിച്ചാണ് റൈറ്റ് സഹോദരന്മാരുടെ വിമാനം ഒരു നൂറ്റാണ്ടിനു മുമ്പ് പറന്നുയർന്നത്. യന്ത്രച്ചിറകുകൾക്കിടയിൽ കമിഴ്ന്നുകിടന്ന് അത് പ്രവർത്തിപ്പിച്ചത് അവരിൽ ഒരാൾ. ആദ്യ കുതിപ്പിൽ പറത്തിയത് 12 സെക്കൻഡ്.
ഓർവിൽ റൈറ്റും വിൽബർ റൈറ്റും ചേർന്നു നിർമിച്ച വിമാനം 1903 ഡിസംബർ 17 ന് നോർത്ത് കരോലിനയിലെ കിറ്റിഹാക്കിൽനിന്നാണ് പറന്നത്. ഓർവിൽ ആയിരുന്നു ആദ്യ പൈലറ്റ്. ആകാശം ഒരു പരിധിയല്ലെന്ന് ബോധ്യപ്പെടുത്തിയ നിമിഷം. ഫ്ളെയർ ഒന്ന് എന്നായിരുന്നു ആ വിമാനത്തിന്റെ പേര്. പിന്നീട് ഫ്ളെയർ രണ്ടും മൂന്നും വന്നു. വേഗം മണിക്കൂറിൽ 39 കിലോമീറ്ററായി ഉയർന്നു. തുടർന്ന് രൂപകൽപനയിലും മറ്റും മാറ്റം വരുത്തി അവർ പുതിയ വിമാനങ്ങൾ നിർമിച്ചു പറത്തി. ഒരു വിമാനക്കമ്പനി രൂപീകരിച്ച ഇരുവരും ശ്രദ്ധാകേന്ദ്രമായി. യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് വിമാനങ്ങൾ നിർമിച്ചുനൽകി തുടങ്ങി. മാനവരാശിയെ മാറ്റിമറിച്ച റൈറ്റ് സഹോദരന്മാരുടെ ആദ്യ പറക്കലിന് 120 വർഷം തികയുകയാണ്.