കേരളത്തിൽ ഐ.ടി. പാർക്കുകൾക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയം, അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് സെന്റർ, 15 നിലകളിൽ രണ്ട് ലക്ഷം ചതുരശ്രയടി ഓഫീസ് സ്പേസ്, ഇന്ത്യയിലെ ഏറ്റവും വലുതും യു.എസിലെ ടൈംസ് സ്‌ക്വയറിലേതിനു സമാനവുമായ 3ഡി എൽഇഡി വാൾ, രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ റീട്ടെയിൽ ഷോപ്പിങ് അരീന. കൊച്ചിക്ക് വിസ്മയക്കാഴ്ചയൊരുക്കി 'നിപ്പോൺ ക്യു വൺ അരീന' പാലാരിവട്ടം ബൈപാസിൽ കൺതുറന്നു. പ്രമുഖ വ്യവസായി ബാബു മൂപ്പന്റെ നേതൃത്വത്തിലുള്ള നിപ്പോൺ ഗ്രൂപ്പ് സ്ഥാപിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവ്. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
പാലാരിവട്ടം ബൈപാസിൽ എറണാകുളം മെഡിക്കൽ സെന്ററിനു സമീപം അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണത്തിലാണ് ബിസിനസ് സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. യു.എസിലെ ടൈംസ് സ്‌ക്വയറിലും ജപ്പാനിലെ ഷിബുയ ക്രോസിംഗിലും ലോകത്തിന് വിസ്മയക്കാഴ്ചയായി മാറിയ 3ഡി വാളാണ് ക്യു വണ്ണിന്റെ മുഖമുദ്ര. 3500 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഈ അനമോർഫിക് വാൾ ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമാണ്.
വാഹന നിർമാതാക്കളായ ഹോണ്ട, ഇന്ത്യയിലെ ഏറ്റവും വലിയ കോവർക്കിങ് സ്പേസ് കമ്പനികളിലൊന്നായ സ്മാർട്ട് വർക്സ് എന്നിവയുൾപ്പെടെ 18 കമ്പനികൾ ഇതിനോടകം ക്യു വണ്ണിൽ ഓഫീസ് സ്പേസ് വാങ്ങിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇവ പ്രവർത്തനമാരംഭിക്കും. 15 നിലകളുള്ള കെട്ടിടത്തിൽ രണ്ട് ലക്ഷം ചതുരശ്രയടിയാണ് ഓഫീസ് സ്പേസിനായി മാറ്റിവെച്ചിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ റീട്ടെയിൽ ഷോപ്പിങ് അരീനയും സമുച്ചയത്തിലുണ്ടാകും. അത്യാധുനിക ശൈലിയിൽ വികസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ കോൺഫറൻസ് ഹാൾ, ഫുഡ് കോർട്ട്, പ്രൈവറ്റ് ലോഞ്ച്, മീറ്റിങ് റൂമുകൾ, മെഡിറ്റേഷൻ റൂം, ജിം എന്നിവയുമുണ്ട്. ഒരു ലക്ഷം ചതുരശ്രയടി വാഹനങ്ങളുടെ പാർക്കിംഗിന് മാത്രമായി മാറ്റിവെച്ചിരിക്കുന്നു. ബേസ്മെന്റിൽ രണ്ടു നിലകളിലായി 200 കാറുകൾക്ക് പാർക്ക് ചെയ്യാനാകും. ഇതിനു പുറമെ, 12 നിലകളിൽ 25 കാറുകൾ വീതം 300 പാർക്കിങ് വേറെയുമുണ്ട്. നാല് ഹൈസ്പീഡ് കാർ ലിഫ്റ്റുകളുണ്ട്.
3000 പേർക്ക് തൊഴിലവസരമൊരുക്കുന്നതാണ് ക്യു വൺ എന്ന് നിപ്പോൺ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ പറഞ്ഞു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമ തോമസ്, ടിജെ വിനോദ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് രാധാകൃഷ്ണൻ, നിപ്പോൺ ഗ്രൂപ്പ് ഡയറക്ടർ അതീഫ് മൂപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി ആസ്ഥാനമായ നിപ്പോൺ ഗ്രൂപ്പ് ടൊയോട്ട, ലക്സസ്, കിയ മോട്ടോഴ്സ്, ഭാരത് ബെൻസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയുടെ ഡീലറാണ്. ഏഥർ, റിവോൾട്ട് എന്നീ വൈദ്യുത വാഹനങ്ങളുടെ വിതരണവും നിർവഹിക്കുന്നു. ദുബായിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ഡോർസ് എന്ന ഫൈൻ ഡൈനിങ് റെസ്റ്റോറന്റും നിപ്പോൺ ഗ്രൂപ്പിന്റേതാണ്.