ആറ്റിങ്ങലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; ആശുപത്രിയിൽ എത്തിച്ചവർ കടന്നുകളഞ്ഞു

തിരുവനന്തപുരം- ആറ്റിങ്ങലില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് സംശയം. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെ ഊരാംപൊയ്കയില്‍ സ്വദേശികളായ അഖില്‍,വിനീത് എന്നിവരാണ് ശ്രീജിത്തിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുഴഞ്ഞുവീണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്.

ഡോക്ടറുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഇവരെ അറിയിക്കാന്‍ എത്തിയപ്പോഴേയ്ക്കും ഇവര്‍ കടന്നുകളഞ്ഞിരുന്നു. ഇയാളുടെ ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Latest News