ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധത്തിനുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചത്. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് പ്രതിരോധത്തിനുള്ള പാർലമെന്ററി സമിതിയിൽ രാഹുൽ ഗാന്ധി അംഗമായിരുന്നു.
ഈ മാസം ഏഴിനാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചത്. മോഡി കുടുംബപ്പേര് പരാമർശം കേസിൽ ശിക്ഷിക്കപ്പെട്ട ഉത്തരവ് ഓഗസ്റ്റ് നാലിന് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടർന്നായിരുന്നു നടപടി. 2023 മാർച്ചിൽ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവിനെ വീണ്ടും അംഗത്വത്തിലേക്ക് തിരിച്ചെടുത്തു.
ലോക്‌സഭാ ബുള്ളറ്റിൻ പ്രകാരം കോൺഗ്രസ് എംപി അമർ സിംഗിനെയും സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി ലോക്‌സഭ അംഗം സുശീൽ കുമാർ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയ്ക്കുള്ള സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു. അടുത്തിടെ ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച റിങ്കു പാർലമെന്റിന്റെ അധോസഭയിലെ ഏക എഎപി അംഗമാണ്.