ആദിവാസി വിഭാഗങ്ങൾക്ക് നീതി നടപ്പിലാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. അവരിൽ ഭേദപ്പെട്ട നിലവാരം നേടിയ മഹാന്യൂനപക്ഷമൊഴികെയുള്ളവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലെങ്കിലും മനുഷ്യരായി ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം അംഗീകരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.
നിലവിലുണ്ടെന്നു നാം കരുതുന്ന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമെല്ലാം നഷ്ടപ്പെടാൻ പോകുന്നു എന്ന ഭീതി ശക്തമായ സാഹചര്യത്തിലാണ് ഇക്കുറി സ്വാതന്ത്ര്യ ദിനാഘോഷം കടന്നു പോകുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം ആദിവാസികൾ ജീവിക്കുന്ന വയനാട്ടിൽ നിന്നുള്ള വാർത്തകളാണ് ഈ കുറിപ്പിന് ആധാരം. വയനാട്ടിൽ നിന്നും അട്ടപ്പാടിയിൽ നിന്നും ആദിവാസി പീഡനങ്ങളുടെയും അവരനുഭവിക്കുന്ന ദുരന്തങ്ങളുടെയും പൊതുസമൂഹം എന്നു സ്വയം വിശേഷിപ്പിക്കുന്നവർ അവരോട് കാണിക്കുന്ന വിവേചനങ്ങളുടെയും വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ മറ്റൊന്നാണ്. പിറന്ന മണ്ണിൽ ജീവിക്കാൻ ഒരു സാഹചര്യവുമില്ലാത്തതിനാൽ കർണാടകയിലെ കുടകിലും മറ്റു പല മേഖലകളിലും വ്യാപകമായ ഇഞ്ചിയടക്കമുള്ള കാർഷികത്തോട്ടങ്ങളിൽ തൊഴിലിനു പോകുന്ന വയനാട്ടിലെ ആദിവാസികൾ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ളവയാണവ.
സമീപകാലത്ത് ചില ആദിവാസി സംഘടനകളും പ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കുറെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വിവിധ ഊരുകളിൽ നടത്തിയ അന്വേഷണത്തിൽ ജോലിക്കായി കുടകിലേക്കു പോകുന്ന ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ഏകദേശ ചിത്രവും ലഭ്യമായിട്ടുണ്ട്. ക്രൂരമായ പീഡനം, സംശയകരമായ മരണങ്ങൾ, അമിത ജോലിഭാരം, സുരക്ഷിതമല്ലാത്ത രീതിയിൽ കീടനാശിനികളുടെ ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളും, ജോലിസ്ഥിരതയില്ലായ്മ, തുഛം കൂലി, ബാലവേല, പോഷക മൂല്യമില്ലാത്ത ഭക്ഷണം, ചികിത്സ സമ്പ്രദായങ്ങളുടെ അഭാവം, ചൂഷണത്തിനായി മദ്യം ഉപയോഗിക്കേണ്ടിവരുന്നത്, പര്യാപ്തമല്ലാത്ത വാസസ്ഥലം, ലൈംഗിക ചൂഷണം തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളെന്ന് ആദിവാസി ആക്ടിവിസ്റ്റ് കെ. അമ്മിണി പറയുന്നു. തങ്ങൾ നടത്തിയ അന്വേഷണത്തിൽ 99 മരണങ്ങൾ നടന്നിട്ടുണ്ട്, അവയിൽ 34 എണ്ണം തികച്ചും അസ്വാഭാവിക മരണമാണ്, തൊഴിലുമായി ബന്ധപ്പെട്ട അസുഖങ്ങൾ കൊണ്ടുണ്ടായ മരണം 36 ആണ്, സ്വാഭാവിക മരണം 15 ഉം കാരണം കണ്ടെത്താൻ കഴിയാത്ത മരണം 14 ഉം ആണ്. ഏഴുപേരെ കാണാതായിട്ടുണ്ട്, 16 പേർ പീഡിപ്പിക്കപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ട്, ലൈംഗിക പീഡനത്തിന് ഇരയായി മുതലാളിമാരുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൂന്നു പെൺകുട്ടികളുണ്ട്, അവരിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണ്. ഇതിൽ രണ്ടു കേസുകൾ ബത്തേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഉന്നതരുടെ ഇടപെടലും രാഷ്ട്രീയ സാമ്പത്തിക സ്വാധീനവും മൂലം തേച്ചുമാച്ചു കളയപ്പെടുകയായിരുന്നു.
രാജ്യത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ പരിരക്ഷക്കായി നിലനിൽക്കുന്ന 1979 ലെ ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് ആക്ടടക്കമുള്ള നിയമങ്ങൾ നടപ്പാക്കപ്പെടുന്നതേയില്ല. 2005 ലെ സംഭവങ്ങളെ തുടർന്ന് വയനാട്ടില നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പീപ്പിൾസ് ട്രൈബ്യൂണലിൽ മരണങ്ങളും തിരോധാനവും പീഡനങ്ങളും മർദനങ്ങളുമൊക്കെയായി 122 പരാതികളെത്തിയിരുന്നു. ചില അന്വേഷണങ്ങളൊക്കെ നടന്നെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. പട്ടികജാതി വർഗ കമ്മീഷൻ കുടകിൽ പോയി കാര്യങ്ങൾ പഠിച്ചു. ആദിവസികൾ ഉന്നയിച്ചതെല്ലാം ഏറെക്കുറെ ശരിയാണെന്ന് അവർക്ക് ബോധ്യമായി. പക്ഷേ ഒന്നും സംഭവിച്ചില്ല. പിന്നീട് കുറേക്കാലം അധികമാരും അറിയാതെ ഈ ചൂഷണം തുടർന്നുകൊണ്ടേയിരുന്നു. നിരവധി പേരെ കാണാതായി. പലരും സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു. എന്നാൽ എല്ലാ സംഭവങ്ങളും ഒതുക്കപ്പെടുകയായിരുന്നു. പലപ്പോഴും മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പോലും ലഭ്യമായില്ല. അവരുടെ ഭാര്യമാർക്ക് വിധവാപെൻഷനു പോലും അപേക്ഷിക്കാനാകുന്നില്ല. ആ കുടുംബങ്ങളുടെ പിന്നീടുള്ള അവസ്ഥ എത്ര ദയനീയമാണെന്നു ഊഹിക്കാവുന്നതേയുള്ളൂ.
ആദിവാസികളിൽ തന്നെ ഏറ്റവും പിന്നണിയിൽ നിൽക്കുന്ന പണിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ജോലിക്കായി കുടകിലെത്തുന്നവരിൽ ഭൂരിഭാഗവും. നൂൽപുഴ പോലുള്ള പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ പേരും പോകുന്നത്. ഒരു കാലത്ത് സ്വന്തമെന്നു വിശ്വസിച്ചിരുന്ന ഭൂമിയിൽ കൃഷി ചെയ്ത് ജീവിച്ചിരുന്നവരാണവർ. എന്നാലിപ്പോൾ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ തന്നെയാണ് ഇവർക്ക് നാടുവിടേണ്ടിവരുന്നത്. നാം നേടിയെന്നഭിമാനിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രമാണത്. വല്ലപ്പോഴും ലഭിക്കുന്ന റേഷനരി മാത്രമാണ് അവരുടെ ആഹാരം. പല കാര്യങ്ങളിലും കേരളം രാജ്യത്ത് ഒന്നാമതാണെന്നാണല്ലോ അവകാശപ്പെടാറുള്ളത്, പ്രത്യേകിച്ച് ഇടതുപക്ഷം. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ ്അംഗമായിരുന്ന തോമസ് ഐസക് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. കേരളം പല മേഖലകളിലും മുന്നേറി. എന്നാൽ ആ മുന്നേറ്റത്തിന്റെ അർഹമായ വിഹിതം ആദിവാസി വിഭാഗങ്ങൾക്ക് എത്തിക്കുന്നതിൽ നമ്മൾ പരാജയമാണ് എന്ന്. അതു തന്നെയാണ് വസ്തുത. ഇക്കാര്യത്തിലെങ്കിലും നമ്മൾ മിക്ക സംസ്ഥാനങ്ങളേക്കാൾ പിറകിലാണെന്നതിന് കണക്കുകൾ സാക്ഷിയാണ്. നിർഭാഗ്യവശാൽ ചൂഷണങ്ങൾക്കെതിരായ ആദിവാസി സമരങ്ങളിലും കേരളം പിറകിലാണ്. ഭൂമിക്കായി മുത്തങ്ങ പോലുള്ള ഉശിരൻ സമരങ്ങൾ നടത്തിയെങ്കിലും അതിനു വലിയ തുടർച്ചയുണ്ടായില്ല. സമരങ്ങളെത്തുടർന്ന് വളരെ കുറച്ചു പേർക്കാണ് ഭൂമി ലഭിച്ചത്. വനാവകാശമോ സ്വയംഭരണമോ നടപ്പാക്കിയിട്ടില്ല. തൊഴിൽ മേഖലയിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ല.
വിദ്യാഭ്യാസ മേഖലയെടുത്ത് പരിശോധിച്ചാലും ഈ യാഥാർത്ഥ്യം ബോധ്യമാകും. 2021 ലെ ദേശീയ പഠന നിലവാര സർവേ അനുസരിച്ച് കേരളത്തിലെ ആദിവാസി വിദ്യാർത്ഥികളുടെ പഠന നിലവാരം ദേശീയ ശരാശരിയേക്കാൾ താഴെയാണ്. ശരിയായ രീതിയിൽ എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ കഴിയാതെയാണ് അവർ പത്താം ക്ലാസിലെത്തുന്നതെന്ന ആരോപണത്തെ റിപ്പോർട്ട് ശരിവെക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്താണ് ഇതു നടക്കുന്നത്. എസ് ടി വിദ്യാർത്ഥികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും അവസ്ഥ വ്യത്യസ്തമല്ല. അവരുടെ വിദ്യാഭ്യാസ നിലവാരമുയർത്താനായി നിരവധി പദ്ധതികൾ നിലവിലുണ്ടെന്നു പറയുമ്പോഴും അവയെല്ലാം പരാജയമാണെന്നും കുട്ടികളുടെ കൊഴിഞ്ഞുപോകൽ വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിലാകട്ടെ, എസ്.എസ്.എൽ.സി കഴിഞ്ഞാൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമല്ല.
ആദിവാസി വിഭാഗങ്ങൾക്ക് നീതി നടപ്പിലാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. അവരിൽ ഭേദപ്പെട്ട നിലവാരം നേടിയ മഹാന്യൂനപക്ഷമൊഴികെയുള്ളവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലെങ്കിലും മനുഷ്യരായി ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം അംഗീകരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.






