ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ അഭിനയലോകത്തേക്ക്, അമാനുഷിക പ്രണയകഥ

പ്രശസ്ത ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, കരീന കപൂറിനൊപ്പം അഭിനയിച്ച തന്റെ സമീപകാല ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് അഭിനയത്തില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്. എന്നാല്‍, തന്റെ മകന്‍ ജുനൈദ് ഖാന്റെ ആദ്യ അഭിനയ സംരംഭമായ സിനിമയുടെ നിര്‍മാണത്തില്‍ അദ്ദേഹം പങ്കുവഹിക്കും. അമാനുഷിക പ്രണയകഥയാണ് സിനിമയെന്നാണ് സൂചന.
ഇന്ത്യന്‍ എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടല്‍ പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന് കീഴിലുള്ള ജുനൈദിന്റെ ആദ്യ ചിത്രം അമാനുഷിക ഘടകങ്ങളുമായി ഇഴചേര്‍ന്ന ഒരു പ്രണയ കഥയാണ്. കോമയിലായ ഒരു സ്ത്രീയുടെ ആത്മാവുമായി അസാധാരണമായ ബന്ധം വളര്‍ത്തിയെടുക്കുന്ന ഇന്‍ഷുറന്‍സ് ഏജന്റിനെയാണ് ജുനൈദ് അവതരിപ്പിക്കുന്നത്. രംഗ് ദേ ബസന്തി, താരേ സമീന്‍ പര്‍, ഡല്‍ഹി ബെല്ലി, ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ സിനിമകളിലെ പങ്കാളിത്തത്തിന് പേരുകേട്ട ആമിര്‍ ഖാന്റെ ദീര്‍ഘകാല അസോസിയേറ്റ് ആയിരുന്ന സുനില്‍ പാണ്ഡെയാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത്. ജപ്പാനില്‍ ഒക്ടോബറിലോ നവംബറിലോ ചിത്രീകരണം ആരംഭിക്കും. നായിക ആരാണെന്ന്  ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

Latest News