അബുദാബി- ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവർക്ക് അഭിനന്ദന സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും പ്രസിഡന്റ് മുർമുവിന് ആശംസാ സന്ദേശം അയച്ചു.
ഇന്ത്യയുമായി ചേർന്ന് സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഇന്ത്യ അതിന്റെ 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഈ മഹത്തായ രാഷ്ട്രത്തിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ സന്തോഷകരമായ അവസരത്തിൽ പങ്കിട്ട സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനും ഞങ്ങളുടെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുടെ പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത യു.എ.ഇ വീണ്ടും ഉറപ്പിക്കുന്നുവെന്നും സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്വാതന്ത്ര്യ ദിനാശംസ നേർന്നു. ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും രാഷ്ട്രപതിയെ സ്വാതന്ത്ര്യദിനാശംസ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും ആശംസാ സന്ദേശം അയച്ചു






