യു.എ.ഇയിൽ വിവാഹപൂർവ കരാറുകൾ ഒപ്പുവെക്കുന്നവരുടെ എണ്ണം കൂടുന്നു

ദുബായ്- അബുദാബി സിവിൽ കുടുംബ  കോടതിയിൽ വിവാഹപൂർവ കരാറുകൾ ഒപ്പുവെക്കുന്നവരുടെ എണ്ണം കൂടുന്നു. 
വിവാഹമോചന വേളകളിൽ ആസ്തി സംരക്ഷിക്കുന്നതിനായാണ് സമ്പന്നരായ താമസക്കാർ വിവാഹത്തിനു മുന്നോടിയായി ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത്. യു.എ.ഇയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വിവാഹപൂർവ കരാർ വിവാഹദിവസം തന്നെ പൂർത്തിയാക്കാനുള്ള സൗകര്യം അബുദാബി സിവിൽ കുടുംബ കോടതിയിലുണ്ട്. 
ഈ വർഷം ആദ്യ ഏഴു മാസത്തിനിടെ 250ലേറെ കരാറുകളാണ് ഒപ്പുവെച്ചത്. വാർഷിക നിക്ഷേപം 30 ദശലക്ഷം ഡോളറിലധികമുള്ളവർ സ്വരാജ്യങ്ങളേക്കാൾ വിവാഹപൂർവ കരാറുകൾ രജിസ്റ്റർ ചെയ്യാൻ യു.എ.ഇ ആണ് തെരഞ്ഞെടുക്കുന്നത്. 
ഇസ്‍ലാമിക നിയമപ്രകാരമല്ലാതെ വിവാഹം, കൈവശാവകാശം, വിവാഹമോചനം, മാതൃത്വം, പിതൃത്വം, പൈതൃകം, വ്യക്തിപദവി മുതലായ വിഷയങ്ങൾ പരിഗണിക്കുന്നതിനായി 2021 ഡിസംബറിലാണ് അബുദാബി സിവിൽ കുടുംബ കോടതി ആരംഭിച്ചത്. 
മതത്തിനതീതമായി രാജ്യത്തെ എല്ലാ താമസക്കാർക്കും നിയമസേവനം നൽകുന്നതിന്റെ ഭാഗമായാണ് നിയമപരിഷ്‌കാരം നടത്തിയത്. 
വിവാഹപൂർവ കരാറിലൂടെ ദമ്പതികൾക്ക് ഏതൊക്കെ ആസ്തികളാണ് തങ്ങളുടേത്, ഏതൊക്കെ ആസ്തികൾ പങ്കുവെക്കാം എന്നതടക്കമുള്ള കാര്യങ്ങൾ നിജപ്പെടുത്താനാകുമെന്നതാണ് വിവാഹപൂർവ കരാറുകളുടെ സവിശേഷത. 
മുസ്‌ലിം രാജ്യങ്ങളിൽ നിന്നല്ലാത്ത പ്രവാസി മുസ്‌ലിംകൾക്കും അബുദാബി സിവിൽ കോടതിയിൽ വിവാഹപൂർവ കരാറിലേർപ്പെടാം.
സ്വദേശികൾക്ക് ഈ കോടതിയിൽ വിവാഹം നടത്താനാവില്ല. ഈ വർഷം ഇതുവരെ 6700 വിവാഹങ്ങളാണ് കോടതിയിൽ നടന്നത്. 
കഴിഞ്ഞ വർഷം 6000 വിവാഹങ്ങളാണ് അബുദാബി സിവിൽ കോടതിയിൽ രജിസ്റ്റർ ചെയ്തത്. അതു നടപ്പു വർഷം ഏഴു മാസംകൊണ്ടുതന്നെ മറികടന്നു. അഭിഭാഷക സേവനം ഉപയോഗപ്പെടുത്താൻ ശേഷിയില്ലാത്തവർക്ക് അബുദാബി സിവിൽ കുടുംബ ക്കോടതി വെബ്‌സൈറ്റിൽനിന്ന് ഫോറം ഡൗൺലോഡ് ചെയ്‌തെടുക്കാനാവും. ഈ വർഷം 4500 പുതിയ ലക്ഷാധിപതികളെ രാജ്യത്തേക്ക് ആകർഷിക്കാനാകുമെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.

Tags

Latest News