ഹൈദരാബാദ്- അർധരാത്രി കാമുകിയെ കാണാനായി ഫ്ലാറ്റിലെത്തിയ യുവാവ് കാമുകിയുടെ പിതാവിനെ ഭയന്ന് ടെറസിൽ ഒളിക്കവേ കാൽവഴുതി താഴേക്ക് വീണു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഹൈദരാബാദ് സ്വദേശിയായ ശുഐബാണ് (20) മരിച്ചത്. ബോറബന്ദ മേഖലയിലെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം.
കാമുകിയുമായി സല്ലപിക്കാൻ പിസയുമായാണ് യുവാവ് ഫ് ളാറ്റിലെത്തിയത്. കെട്ടിടത്തിന്റെ ടെറസിൽ ഇരുവരും സംസാരിച്ച് നിൽക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവിന്റെ കാൽപ്പെരുമാറ്റം കേട്ട് ഇയാൾ ഭയന്നു. ഒളിച്ചിരിക്കാനായി കെട്ടിടത്തിന്റെ വശത്തേക്ക് ഓടിമാറിയ യുവാവ് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ കേബിളുകളിൽ പിടിച്ചുകിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് പതിച്ചു.
യുവാവിനെ ഉടൻ തന്നെ സമീപത്തുള്ള ഉസ്മാനാബാദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ശുഐബിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.