ഖത്തറിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു

ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച് നിയമന ഉത്തരവ് കൈമാറുന്നു.


ദോഹ- ഖത്തറിൽ പുതുതായി  നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. 
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്  അൽ മുറൈഖിയെ  സന്ദർശിച്ച അംബാസഡർ  നിയമന ഉത്തരവ് കൈമാറി. ഇരുരാജ്യങ്ങളും  തമ്മിലുള്ള ബന്ധത്തെ കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അംബാസഡർ ഖത്തർ  വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. 
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും, സാധാരണക്കാരായ തൊഴിലാളികളെ കൂടി ചേർത്ത് പിടിച്ച് എംബസി മുന്നോട്ട് പോകുമെന്നും  ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി അശോക ഹാളിൽ നടത്തി ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖത്തറിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ എംബസി എന്നും മുന്നിലിണ്ടാവും. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പ്രവാസി സംഘടനകൾക്കും നേതാക്കൾക്കും വലിയ പങ്കുവഹിക്കാൻ കഴിയും. ഈ വിഷയത്തിൽ എംബസിയെ സഹായിക്കാൻ പ്രവാസി സംഘടനകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം നാം ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ രാഷ്ട്രീയം, ഊർജ്ജം, നിക്ഷേപം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഏറെ മുന്നേറാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചതായി അംബാസഡർ പറഞ്ഞു. ഇതിനെ പുതിയ മേഖലകളിലേക്ക് വികസിപ്പിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഖത്തർ ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്കുവയ്ക്കാൻ സാധിക്കുമെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.

Tags

Latest News