കൊച്ചി-ബോക്സോഫീസില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് രജനീകാന്ത് ചിത്രം ജയ്ലര്‍. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 300 കോടി രൂപ കലക്ട് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 80 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്നലെ കേരളത്തില്‍ നിന്ന് മാത്രം 7 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ 2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ജയ്ലര്‍ മാറുമെന്ന രീതിയിലാണ് കലക്ഷന്‍ നീങ്ങുന്നത്. ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെല്‍സണ്‍ ഒരുക്കിയ ചിത്രം നെല്‍സണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമെന്നാണ് റിപ്പോര്‍ട്ട്. ജയ്ലറുടെ വിജയത്തോടെ തമിഴ്നാട്ടില്‍ ഏറ്റവും മാര്‍ക്കറ്റുള്ള സംവിധായകരുടെ പട്ടികയിലേക്ക് നെല്‍സണ്‍ ഉയരും. കേരളത്തില്‍ ആദ്യ ദിനം 5.85 കോടിയാണ് ചിത്രം കലക്ട് ചെയ്തത് രണ്ടാം ദിവസം 4.8 കോടിയും മൂന്നാം ദിനം 6.15 കോടിയും ചിത്രം സ്വന്തമാക്കി. നാല് ദിവസം കൊണ്ട് 24 കോടി രൂപയാണ് കേരളത്തില്‍ നിന്നും സിനിമ നേടിയത്. ഓഗസ്റ്റ് 15ന് അവധി കൂടി ആയതിനാല്‍ റിലീസ് ആഴ്ചയിലെ ചിത്രത്തിന്റെ കലക്ഷന്‍ കുതിച്ചുയരുമെന്ന് ഉറപ്പാണ്. കേരളത്തിന് പുറമെ കന്നഡയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാലിന്റെയും ശിവ്രാജ് കുമാറിന്റെയും സാന്നിധ്യം ചിത്രത്തിന്റെ ഈ കലക്ഷനില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.