മനാമയിൽ പ്രവാസി ലീഗൽ സെൽ 'കണക്റ്റിംഗ് പീപ്പിൾ' സംഘടിപ്പിച്ചു

മനാമ- പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ  'കണക്റ്റിംഗ് പീപ്പിൾ' പരിപാടി സംഘടിപ്പിച്ചു. 
ഉമൽഹാസമിലെ കിംസ് ഹെൽത്ത് ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ രണ്ടു സെഷൻ ആയിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.  ആദ്യത്തേതിൽ ജീവിതശൈലി മാറ്റങ്ങളും ആരോഗ്യവും എന്ന വിഷയത്തിൽ കിംസ് ഹെൽത്ത് ബഹ്‌റൈനിൽ നിന്നുള്ള ഓർത്തോപീഡിക്‌സിലെ വിദഗ്ധ ഡോ. സുശ്രുത് ശ്രീനിവാസ് സംസാരിച്ചു. ഏറ്റവും മികച്ച ആരോഗ്യത്തോടെയും, ചിട്ടയോടെയും ഉള്ള ജീവിതം നയിക്കുവാൻ ജീവിതശൈലിയെ എങ്ങിനെയെല്ലാം മാറ്റിയെടുക്കാം  എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഡോ. ശ്രീനിവാസ് പങ്കുവെച്ചു.
'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തെ കുറിച്ചുള്ള പാനൽ ചർച്ചയും നടന്നു.  സുരക്ഷിതമായ കുടിയേറ്റത്തിന്റെ സങ്കീർണ്ണ വശങ്ങൾ പഠിക്കുന്ന നിയമ വിദഗ്ധരും കമ്മ്യൂണിറ്റി നേതാക്കളും അടങ്ങുന്നതായിരുന്നു പാനലംഗങ്ങൾ.  മുതിർന്ന പത്രപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ചർച്ച  നിയന്ത്രിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളും പരിഹാരങ്ങളും ചർച്ചയിൽ വിഷയമായി.
പ്രവാസി ലീഗൽ സെൽ മുന്നോട്ടുവെക്കുന്ന വിഷയത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിവിധ എംബസികളിലെ വിശിഷ്ട നയതന്ത്രജ്ഞരും പരിപാടിയിൽ പങ്കെടുത്തു. പല രാജ്യങ്ങളിലെ പൗരന്മാരും അവരുടെ ആശങ്കകൾ പങ്കുവെച്ചു. ഗവേണിംഗ് ബോഡി അംഗം രമൺപ്രീത് പരിപാടികൾ നിയന്ത്രിച്ചു. പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് സ്വാഗതവും ജനറൽ സെക്രട്ടറി സുഷമ നന്ദിയും പറഞ്ഞു. 
കുടിയേറ്റക്കാരെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവാസി ലീഗൽ സെൽ പ്രതിജ്ഞാ  ബദ്ധമാണെന്നും സുരക്ഷിതവും വേണ്ടത്ര അറിവോടെയും ഉള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പരിപാടി നിർണ്ണായക പങ്ക് വഹിക്കുന്നതായും  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

ഹുസൈൻ അൽ ഹുസൈനി (തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം, രവി  ശങ്കർ ശുക്ല (ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി),  എം.ഡി. മഹ്ഫുജൂർ റഹ്മാൻ (ഫസ്റ്റ് സെക്രട്ടറി (തൊഴിൽ) ബംഗ്ലാദേശ് എംബസി), നേപ്പാൾ എംബസി ലേബർ അറ്റാഷെ ജമുന കഫ്‌ലെ, ഷഷിക സോമരത്‌നെ ചാൻസറി (ശ്രീലങ്കൻ എംബസി), ചബ്ബിലാൽ ബഹു  നേപ്പാൾ ക്ലബ്ബ് പ്രസിഡന്റ്, കെനിയൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ജോർജ് മുത്തൂരി, വിവിധ അസോസിയേഷനുകളിൽ നിന്നുള്ള മറ്റ് ഭാരവാഹികൾ, പിഎൽസി പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ, അഡ്വ.  വി.കെ.തോമസ്, അഡ്വ.വഫ അൻസാരി, അഡ്വ.  മുഹമ്മദ് മക്ലൂഖ്, അഡ്വ.  മാധവൻ കല്ലത്ത്,  ഡോ. ഡോ.സന്ദു എന്നിവരും  പങ്കെടുത്തു.

Tags

Latest News