അക്ഷയ കേന്ദ്രങ്ങൾ  ക്ഷയിക്കരുത്


എന്തിന് അക്ഷയ സ്വയമങ്ങ് ചെയ്തു കൂടെ എന്ന് ചോദിക്കുന്നവരണ്ടാകും. വിശക്കുമ്പോൾ അരിയില്ലെങ്കിൽ ബിസ്‌കറ്റ് തിന്നാലെന്താണ് എന്ന് ചോദിക്കുന്നതു പോലെയേ അതിനെ കാണാനാവുകയുള്ളൂ. എന്താണ് ഡിജിറ്റൽ സംവിധാനം എന്നുപോലും അറിയാത്തവർ ഇന്നുമുള്ള നാടാണ്  ഇന്ത്യ.   അത്തരം മനുഷ്യരെയും പരിഗണിക്കാനും സഹായിക്കാനുമുള്ളതാണ് അക്ഷയ കേന്ദ്രങ്ങൾ. ഒരുകാരണ വശാലും അക്ഷയ കേന്ദ്രങ്ങൾ ക്ഷയിക്കരുത്.     

 

കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾക്ക് വരുന്ന നവംബർ 18 ന് 21 വയസ്സാകും. 2002  നവംബർ 18 നായിരുന്നു കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം മലപ്പുറം ജില്ലയിൽ തുടങ്ങിയത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായ കാലത്തെ അക്ഷയ സംരംഭം പിന്നീടെപ്പോഴൊക്കെയോ കേരളമാകെ ഏറ്റെടുത്തു. ഇന്ന് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത പൊതുസേവന ഇടമായി അക്ഷയ കേന്ദ്രങ്ങൾ മാറി. അതിലിടക്ക് ചില അസ്വാരസ്യങ്ങൾ ഈ മേഖലയിൽ നിന്ന് ഉയർന്നു വന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ശനിയാഴ്ച കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് കയറിയിരുന്നു. റെയ്ഡാണെന്നാണ് വിജിലൻസ് പറയുന്നത് . റെയ്ഡിൽ പ്രതിഷേധിച്ച് അക്ഷയ കേന്ദ്രങ്ങളിൽ  അവരുടെ ഒരു സംഘടന അടച്ചിടൽ സമരം പ്രഖ്യാപിച്ചിരുന്നു.  സി.ഐ.ടി യു നിയന്ത്രണത്തിലുള്ള സംഘടന അടച്ചിടലിൽ നിന്ന് വിട്ടുനിന്നതായാണ്  അവർ അറിയിച്ചത്. ചെലവുകൾ ക്രമാതീതമായി കൂടിയ  സാഹചര്യത്തിൽ സർവീസ് ചാർജ് വർധിപ്പിക്കാതെ നിവൃത്തിയില്ലെന്ന അക്ഷയ നടത്തിപ്പുകാരുടെ വാദം എത്രയോ ശരിയാണ്.  അക്ഷയ കേന്ദ്രങ്ങൾ ജനങ്ങൾക്ക് നൽകി വരുന്ന സേവനങ്ങൾ അത് ഉപയോഗപ്പെടുത്തിയവർക്കേ മനസ്സിലാവുകയുള്ളൂ. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മുഷിയാതെ നിശ്ചിത ഫീസ് നൽകി കൃത്യമായി അത് നേടിയെടുക്കാനാവുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. നൽകേണ്ടി വരുന്ന സേവനങ്ങളുടെ എണ്ണം കൂടിയതിനനുസരിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സൗകര്യം കൂടിയിട്ടുണ്ടാകില്ല. അതായിരിക്കാം ഇപ്പോൾ ഉയർന്നു കേൾക്കുന്ന അസ്വസ്ഥതകൾക്ക് കാരണം. നിരവധി ആവശ്യങ്ങൾക്കായി അക്ഷയ കേന്ദ്രത്തിലെത്തുന്ന സാധാരണക്കാരായ മനുഷ്യർ എത്ര അനായാസമായാണ് അവരുടെ വീട്ടിൽ നിന്നെന്ന പോലെ കാര്യങ്ങൾ ശരിപ്പെടുത്തിയെടുത്ത് സന്തോഷത്തോടെ പോകുന്നതെന്ന് അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന മനുഷ്യരുടെ ഇടപെടൽ കാണുന്നവർക്കറിയാമായിരിക്കും. അവശനായി വീട്ടിലായിപ്പോയ മാതാവുമായോ പിതാവുമായോ  ബന്ധപ്പെട്ട ഒരു സർട്ടിഫിക്കറ്റ് കിട്ടുമോ എന്നും മറ്റും  ദൈന്യതയോടെ വന്നന്വേഷിക്കുന്ന വിദ്യാർഥികളായ കുട്ടികളുടെയും യുവാക്കളുടെയും ദൈന്യ മുഖങ്ങളിൽ  ശ്രമം വിജയിക്കുമ്പോൾ തെളിയുന്ന സന്തോഷം എഴുതി ഫലിപ്പിക്കാനൊന്നും ആർക്കുമാകില്ല. 


ഗ്രാമവും നഗരവുമെല്ലാം ഇന്ന് അക്ഷയ കേന്ദ്രങ്ങളെയാണ് വിവിധ ഡിജിറ്റൽ ആവശ്യങ്ങൾക്ക് സമീപിക്കുന്നത്. പഞ്ചായത്തിൽ നാല്, മുനിസിപ്പാലിറ്റിയിൽ ആറ് അക്ഷയ കേന്ദ്രം എന്നാണ് കണക്ക് പ്രസിദ്ധീകരിച്ചു  കാണുന്നത്. ജനങ്ങളുടെ ആവശ്യമനുസരിച്ച് പുതിയ  കേന്ദ്രങ്ങൾക്ക്  അപേക്ഷ ക്ഷണിച്ചു തുടങ്ങുന്നു. പി.ആർ.ഡി സൈറ്റിൽ നോക്കിയാൽ അപേക്ഷ ക്ഷണിച്ച വിവരം അറിയാനാകും. പാസ്‌പോർട്ട്  എടുക്കൽ/ പുതുക്കൽ എന്നിവയുമായി  ബന്ധപ്പെട്ട ഒരൊറ്റ കാര്യം മതി  അക്ഷയയുടെ സേവനം എത്ര വലുതാണെന്ന് ബോധ്യപ്പെടും. പാസ്‌പോർട്ട് സംബന്ധമായ കാര്യങ്ങൾക്ക് അക്ഷയയെ സമീപിച്ചാൽ എന്ത് സേവന മാണ് വേണ്ടതെന്നതിന് അപേക്ഷകന്  നമ്പറും സമയവും അനുവദിച്ചു കിട്ടും. ഈ പറഞ്ഞ സമയത്ത് ഹാജരായാൽ പ്രയാസ ലേശമില്ലാതെ കാര്യങ്ങൾ നടത്തി പുറത്തിറങ്ങാം. പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട വളരെ കുറവ് ഉദ്യോഗസ്ഥർ മാത്രമേ പാസ്‌പോർട്ട് സേവ കേന്ദ്രത്തിലുണ്ടാവുകയുള്ളൂ.   എന്തെങ്കിലും സങ്കീർണതകളുണ്ടെങ്കിൽ മാത്രം പാസ്‌പോർട്ട് ഓഫീസർമാർ ഇടപെടും -മാന്യവും കാര്യക്ഷമവുമായ ഇടപെടൽ. അക്ഷയക്കും ഡിജിറ്റലൈസേഷനും മുമ്പുള്ള പാസ്‌പോർട്ട് ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഓഫീസ് എന്നിവയുടെ പരിസരം കേരളത്തിന് ഓർമയുണ്ടാകും. അവയൊക്കെ അനുദിനം സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളായിത്തീരുകയായിരുന്നു. ഇതുപോലുള്ള ഓഫീസ് പരിസരത്ത്  അന്ന് ആളുകൾക്ക് തനിയെ പോകാൻ ഭയമായിരുന്നു.  കാര്യം ശരിയാക്കിത്തരാനുള്ള ആളുകളിൽ നിന്ന് രക്ഷപ്പെടൽ അസാധ്യമായ ആ കാലമൊക്കെ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം ഇല്ലാതായിപ്പോയി.  ഇപ്പോൾ അവിടെയൊന്നും ആളനക്കമില്ല. 


ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ അനുസ്മരിക്കവേ തോമസ് കെ. തോമസ് പറഞ്ഞ കാര്യം  ഇന്നുള്ളവർ അതിശയത്തോടെയാകും കേട്ടിട്ടുണ്ടാവുക. തോമസ് ചാണ്ടി (കുവൈത്ത് ചാണ്ടി) യുടെ സഹോദരനായ തോമസ് കെ. തോമസിന്റെ ഭാര്യക്ക് അടിയന്തരമായി പാസ്‌പോർട്ട് പുതുക്കണമായിരുന്നു. തോമസ് കെ. തോമസിന്റെ കുട്ടനാട്ടിലെവിടെയോ കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു അന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ. ഡ്രാഫ്റ്റുകളുടെ ആ കാലത്ത് പ്രവാസിക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്ത ബാങ്കും ഉദ്യോഗസ്ഥയും. മറിയാമ്മ വഴി  ഭാര്യയുടെ പാസ്‌പോർട്ട് വിഷയം ഉമ്മൻ ചാണ്ടിയോട്  പറഞ്ഞു. അദ്ദേഹമതാ- പിറ്റേന്ന് രാവിലെ നേരിട്ട് കൊച്ചിയിലെ പാസ്‌പോർട്ട് ഓഫീസിൽ ഹാജർ!  ഇന്നായിരുന്നുവെങ്കിൽ ഇതിന്റെയൊക്കെ വല്ല കാര്യവുണ്ടായിരുന്നോ.
അക്ഷയ കേന്ദ്രങ്ങളെയും അരുതായ്മകൾ പിടികൂടുന്നു എന്നതാണ് ഏറ്റവും പുതിയ അവസ്ഥ. ഏത് സംവിധാനവും അങ്ങനെയാണ്, മുതലെടുപ്പുകാർ അവയെ അവരുടെ മലിന പക്ഷത്തേക്ക് മാറ്റിയെടുക്കും. ജനങ്ങളും സർക്കാർ സംവിധാനവും വഴിക്കണ്ണുമായി കാത്തിരുന്ന് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുക തന്നെ വേണം. അക്ഷയ കേന്ദ്രങ്ങളുടെ മേൽനോട്ട ചുമതലയുള്ള കോ-ഓഡിനേറ്റർമാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. 


റേഷൻ കാർഡ്, ആധാർ എന്നുവേണ്ട ജീവിതത്തിലെ  മിക്ക  സർക്കാർ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന അക്ഷയ മോശമാകുന്ന അവസ്ഥ അചിന്ത്യമാണ്. റേഷൻ കാർഡിനായി സർക്കാർ സംവിധാനത്തെ മാത്രം ആശ്രയിച്ച കാലത്ത് എത്ര പാവങ്ങളാണ് കണ്ണീര് കുടിച്ചതെന്ന് കേരളത്തിന് ഓർമയുണ്ട്. റേഷൻ കാർഡ് ശരിയാക്കി കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജനങ്ങൾക്കൊപ്പം  ഇറങ്ങി നടക്കുന്ന  പല നേതാക്കളെയും കണ്ടിട്ടുണ്ട്. അത്തരമൊരാളായിരുന്നു ഡോ. നീലലോഹിതദാസൻ നാടാർ. ജനങ്ങളുടെ വേദന കണ്ടാണ് അന്നവർക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. ഇന്ന് അതിന്റെയൊന്നും ആവശ്യമില്ല.
എന്തിന് അക്ഷയ സ്വയമങ്ങ് ചെയ്തു കൂടെ എന്ന് ചോദിക്കുന്നവരണ്ടാകും. വിശക്കുമ്പോൾ അരിയില്ലെങ്കിൽ ബിസ്‌കറ്റ് തിന്നാലെന്താണ് എന്ന് ചോദിക്കുന്നതു പോലെയേ അതിനെ കാണാനാവുകയുള്ളൂ. എന്താണ് ഡിജിറ്റൽ സംവിധാനം എന്നുപോലും അറിയാത്തവർ ഇന്നുമുള്ള നാടാണ്  ഇന്ത്യ.   അത്തരം മനുഷ്യരെയും പരിഗണിക്കാനും സഹായിക്കാനുമുള്ളതാണ് അക്ഷയ കേന്ദ്രങ്ങൾ. ഒരു കാരണവശാലും അക്ഷയ കേന്ദ്രങ്ങൾ ക്ഷയിക്കരുത്.     

Latest News