ബാപ്പക്ക് ഏറെ പ്രിയങ്കരരായിരുന്നു കുട്ടി മാഷും ഫസീലയും. പരിപാടി കഴിഞ്ഞാൽ പെട്രോമാക്സും സംഗീതോപകരണങ്ങളുമായി എന്റെ വീട്ടിലേക്ക് പോകും. അവർ എല്ലാ തവണയും രാത്രി തങ്ങുന്നത് എന്റെ വീട്ടിൽ തന്നെയാണ്. കോഴിക്കറിയുമൊക്കെ ആയി നല്ലൊരു പാർട്ടിയും ഉമ്മ ഒരുക്കിയിരിക്കും. എല്ലാംകൊണ്ടും ഞങ്ങൾ മക്കൾക്കും അന്ന് കുശാലാണ്. വത്സലക്കും പ്രഭാവതിക്കും കൊടുക്കാനായി രാത്രി വീട്ടിലെ മുല്ലയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്ത് വെക്കുന്നതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. സ്ത്രീകളായ അതിഥികളെല്ലാം വീട്ടിനകത്തും ആണുങ്ങളെല്ലാം വീട്ടുകോലായയിൽ തിണ്ണയിലും നിലത്തുമായി പായ വിരിച്ചാണ് കിടക്കുന്നത്.
എഴുപതുകളിൽ ഞങ്ങൾ ചെറുവാടിക്കാരുടെ സ്വന്തം ഗായികയായിരുന്നു അന്ന് വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന, നമ്മെ വിട്ടു പിരിഞ്ഞ വിളയിൽ ഫസീല എന്ന വിഖ്യാത മാപ്പിളപ്പാട്ട് ഗായിക. മാപ്പിളപ്പാട്ടിനേക്കാളേറെ കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്റ്റേജിൽ വിപ്ലവഗാനങ്ങൾ പാടിയാണ് മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ പ്രൊഫഷണൽ രൂപത്തിലും ജനകീയമായും മലയാളക്കരക്ക് പരിചയപ്പെടുത്തിയ പരേതനായ വി.എം. കുട്ടിയുടെ ട്രൂപ്പ് അറിയപ്പെട്ടിരുന്നത്. വിളയിൽ വത്സലയും വി.എം. കുട്ടിയും ചെറുവാടിയിൽ പ്രസിദ്ധരാകുന്നതും വിപ്ലവഗാനങ്ങൾ പാടിയാണ്. അന്നത്തെ ആ സംഘത്തെ ഒരു ട്രൂപ്പ് എന്ന് പറയാൻ പറ്റുമോ എന്നറിയില്ല. എന്നാലും അതൊരു നല്ല ഗാനമേള സംഘം തന്നെയായിരുന്നു.
ഒരു ഹാർമോണിയവും തബലയും പിന്നെ സോഡാ മൂടി കമ്പിയിൽ കോർത്തുണ്ടാക്കിയ ഒരു ജിൽജിൽ വാദ്യവുമായിരുന്നു സംഗീതോപകരണങ്ങൾ. വി.എം. കുട്ടി മാഷോടൊപ്പം വിളയിൽ വത്സലയും പ്രഭാവതി എന്ന മറ്റൊരു കുട്ടിയും പാട്ടുകാരായി ഉണ്ടാകും. ഉപകരണങ്ങൾ വായിച്ചിരുന്നവരെ അത്ര കൃത്യമായി ഓർക്കുന്നില്ലെങ്കിലും ഹാർമോണിയം വായിക്കാൻ മുടിയൊക്കെ നീട്ടി വളർത്തിയ അരീക്കോട്ടുകാരനായ കെ.വി. അബൂട്ടി മാഷ് (അന്ന് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത് അബോക്കുറ്റി എന്നായിരുന്നു) വന്നത് ഓർക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിക്കായിരുന്നു അവർ ചെറുവാടിയിൽ വരാറുണ്ടായിരുന്നത് എന്നതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മാപ്പിളപ്പാട്ടല്ലാതെ മറ്റെല്ലാം പൂർണമായും രാഷ്ട്രീയ ഗാനങ്ങളായിരുന്നു. കമ്യൂണിസ്റ്റുകാരനായിരുന്ന വി.എം. കുട്ടി മാഷ് തന്നെയായിരുന്നു മിക്ക ഗാനങ്ങളും രചിച്ചിരുന്നത്.
അന്ന് കമ്യൂണിസ്റ്റ് പാർട്ടി, മാസത്തിൽ ഒരു പൊതുയോഗമെങ്കിലും ചെറുവാടി അങ്ങാടിയിലെ ചീനിമരത്തണലിൽ നടത്തും. രാഷ്ട്രീയ ഹാസ്യ പ്രസംഗകനായിരുന്ന സഖാവ് സി.പി കുഞ്ഞുവിനെ പോലുള്ള ഒരു വാഗ്മിയും പിന്നെ വി.എ കുട്ടിയുടെ സംഘം അവതരിപ്പിക്കുന്ന ഗാനമേളയുമാകും മുഖ്യ ആകർഷണം. അന്ന് കറണ്ടില്ലാത്ത എന്റെ നാട്ടിൽ പൊതുയോഗങ്ങൾക്ക് പെട്രോമാക്സ് ഉണ്ടാകും. ചീനിയുടെ പിറകിലുള്ള കെട്ടിടത്തിലായിരുന്നു അന്ന് റേഷൻ ഷോപ്പ് ഉണ്ടായിരുന്നത്. അതിനടുത്ത് തന്നെ ദേശാഭിമാനി സ്റ്റഡി സർക്കിൾ വായനശാലയും. റേഷൻ ഷോപ്പിന് മുന്നിലുള്ള മണ്ണെണ്ണ ഡ്രമ്മുകളിലാണ് പാടാനുള്ള വേദിയൊരുക്കുന്നത്. ഒരു ഡ്രമ്മിൽ പെട്രോമാക്സും മറ്റൊന്നിൽ ഹാർമോണിയവും മൂന്നാമത്തെ ഡ്രമ്മിൽ തബലയും സെറ്റ് ചെയ്യും. ഡി.ജെ പാർട്ടികൾ കണ്ടു ശീലിച്ച ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അരങ്ങ്.
എടവണ്ണപ്പാറ വഴി വന്ന് ചെറുവാടി കടവും കടന്നു വരുന്ന ഗാനമേള സംഘത്തെ സ്വീകരിക്കാൻ എന്റെ ബാപ്പ മറ്റു സഖാക്കളെയും കൂട്ടി കടവ് വരെ വരുമായിരുന്നെന്ന് വി.എം. കുട്ടി മാഷ് റിയാദിൽ വന്നപ്പോൾ ഓർമിച്ചു പറഞ്ഞിരുന്നു. പഴയകാല കമ്യൂണിസ്റ്റുകാരായ തേലീരി മുഹമ്മദ് കാക്കയും കുഞ്ഞാമക്കയും കെ.എസ്. അഹമ്മദ് കാക്കയും അപ്പുണ്ണി ഏട്ടനും പുത്തലത്ത് ബീരാൻകുട്ടി കാക്കയും സി.പി. കോയാമുട്ടിയും തുടങ്ങി അനേകം പേർ സംഘാടകരായി സജീവമായുണ്ടാകും. തകർപ്പൻ പ്രസംഗങ്ങൾക്ക് ശേഷം നടക്കുന്ന ഗാനമേള കേൾക്കാൻ പാതിരാത്രിയും അനേകം പേർ ചീനിച്ചുവട്ടിൽ കാത്തിരിക്കും. ഗാനമേളക്കിടയിൽ ഞാൻ അവരുടെ ഗാനങ്ങളടങ്ങിയ
പാട്ട് ബുക്ക് 25 പൈസക്ക് വിൽക്കുമായിരുന്നു. കാസറ്റുകളോ സി.ഡി യോ ഇല്ലാത്ത ആ കാലത്ത് പാട്ടുബുക്കുകൾക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.
ബാപ്പക്ക് ഏറെ പ്രിയങ്കരരായിരുന്നു കുട്ടി മാഷും ഫസീലയും. പരിപാടി കഴിഞ്ഞാൽ പെട്രോമാക്സും സംഗീതോപകരണങ്ങളുമായി എന്റെ വീട്ടിലേക്ക് പോകും. അവർ എല്ലാ തവണയും രാത്രി തങ്ങുന്നത് എന്റെ വീട്ടിൽ തന്നെയാണ്. കോഴിക്കറിയുമൊക്കെ ആയി നല്ലൊരു പാർട്ടിയും ഉമ്മ ഒരുക്കിയിരിക്കും. എല്ലാംകൊണ്ടും ഞങ്ങൾ മക്കൾക്കും അന്ന് കുശാലാണ്. വത്സലക്കും പ്രഭാവതിക്കും കൊടുക്കാനായി രാത്രി വീട്ടിലെ മുല്ലയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്ത് വെക്കുന്നതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. സ്ത്രീകളായ അതിഥികളെല്ലാം വീട്ടിനകത്തും ആണുങ്ങളെല്ലാം വീട്ടുകോലായയിൽ തിണ്ണയിലും നിലത്തുമായി പായ വിരിച്ചാണ് കിടക്കുന്നത്. രാവിലെ കുളിക്കാനായി എല്ലാവരെയും കൂട്ടി പുഴയിൽ പോകും. മടങ്ങി വന്നാൽ അയൽവാസികളായ സ്ത്രീകൾക്കെല്ലാം വേണ്ടി ഒരു ഗാനമേള കൂടി വീട്ടിൽ വെച്ച് നടത്തിയിട്ടാണ് അവർ മടങ്ങിപ്പോകുന്നത്. വീണ്ടും കടവ് കടന്ന് എടവണ്ണപ്പാറയിലേക്ക് നടന്ന് പോകണം. അന്ന് അവർക്ക് എത്രയാണ് പ്രതിഫലം നൽകിയിരുന്നത് എന്നറിയില്ല. വലിയ മെച്ചമൊന്നുമുണ്ടാകില്ലെങ്കിലും കുട്ടി മാഷ് വളരെ സന്തോഷത്തോടെയും താൽപര്യത്തോടെയുമാണ് ബാപ്പയുടെ ക്ഷണം സ്വീകരിച്ച് ചെറുവാടിയിൽ വന്നിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നീട് മാഷും സംഘവും പാർട്ടി പരിപാടികളെല്ലാം നിർത്തുകയും പൂർണമായും മാപ്പിളപ്പാട്ടിലേക്ക് മാറുകയും ചെയ്തു. ചെറുവാടിയിലെ കമ്യൂണിസ്റ്റ് പാർട്ടിയും ഗാനമേള നിർത്തി തൃക്കളം കൃഷ്ണൻ കുട്ടിയുടെ കഥാപ്രസംഗത്തിലേക്കും സംഘചേതനയുടെയുമെല്ലാം നാടകങ്ങളിലേക്കും ചുവട് മാറി.
ഒരുപാട് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ കലാജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ നടന്ന ചെറുവാടി സംഭവങ്ങളെല്ലാം പലതവണ റിയാദ് സന്ദർശിച്ചപ്പോൾ വി.എം. കുട്ടി മാഷും വിളയിൽ ഫസീല താത്തയും ഞങ്ങളോട് ഓർമിച്ച് പറഞ്ഞിരുന്നു. അവർക്ക് ഏറെ പറയാനുണ്ടായിരുന്നത് ഗുലാം ഹുസൈൻ കാക്ക എന്ന എന്റെ ബാപ്പയെയും മറിയം ടീച്ചർ എന്ന എന്റെ ഉമ്മയെയും കുറിച്ചായിരുന്നു.
ഭർത്താവ് റിയാദിൽ ആയിരുന്നതുകൊണ്ട് തന്നെ ഇടക്ക് ഫസീലത്ത അവിടെ വരാറുണ്ടായിരുന്നു. ഒരു ദിവസം ജീവൻ ടി.വിയിലെ ഉബൈദ് എടവണ്ണയുടെ ഒരു പ്രത്യേക പ്രോഗ്രാമിന് വേണ്ടി ബഷീർ പാങ്ങോടിന്റെ വീട്ടിൽ വെച്ച് ഒരു ഇന്റർവ്യൂ ചെയ്തതും അന്ന് കുറെ പഴയ പാട്ടുകൾ പാടിയതും മരിക്കാത്ത ഓർമകളാണ്.
അടുത്തിടെ ഏറെ പ്രിയങ്കരരായ കുറെ കലാകാരൻമാർ നമ്മെ വിട്ടുപിരിഞ്ഞു പോയി. മാപ്പിളപ്പാട്ടിന് മേൽവിലാസമുണ്ടാക്കിക്കൊടുത്ത വി.എം. കുട്ടി മാഷും വിളയിൽ ഫസീലത്തയും അവരിൽ ഏറെ അടുപ്പമുള്ളവരായിരുന്നു.






