മണവാളന്‍ വസീമും വ്‌ളോഗര്‍ ബീപാത്തുവും പിന്നേയും; തല്ലുമാല 2ന്റെ സൂചന നല്‍കി നിര്‍മാതാവ്

കൊച്ചി- അടിച്ചൊതുക്കി ഒന്നിച്ചു നിന്നു തകര്‍ത്താടിയ തല്ലുമാല സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കി നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍. തല്ലുമാല റിലീസ് ചെയ്യതിന്റെ ഒന്നാം വാര്‍ഷികത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നിര്‍മാതാവിന്റെ തല്ലുമാല 2 പ്രതീക്ഷിക്കാമെന്ന തരത്തില്‍ ലോഡിംഗ് സൂണ്‍ ടി എം2 എന്ന പ്രയോഗമുണ്ടായത്. 

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തല്ലുമാല'യ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി പോലെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറിയിരുന്നു. 

2022 ഓഗസ്റ്റ് 12നായിരുന്നു തല്ലുമാല തിയേറ്ററുകളില്‍ റിലീസ് ആയത്. മണവാളന്‍ വസീമായി ടൊവിനോ തോമസും വ്‌ളോഗര്‍ ബീപാത്തുവായി കല്ല്യാണി പ്രിയദര്‍ശനുമാണ് തകര്‍ത്തഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ താരനിരയാണ് തല്ലുമാലയുമായി വെള്ളിത്തിരയിലെത്തിയത്.

ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതല്‍ 30 വയസ്സ് വരെ നീണ്ടുനില്‍ക്കുന്ന കഥ മലബാര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച തല്ലുമാല തിയേറ്റര്‍ വിജയത്തിനു പിന്നാലെ ഒ. ടി. ടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിലും വന്‍ നേട്ടം കൊയ്തിരുന്നു.  

തിയേറ്ററുകളില്‍ നിന്നുമാത്രം 71.36 കോടി രൂപയാണ് തല്ലുമാല നേടിയത്.

Latest News