കാനഡയിലെ പാര്‍പ്പിട പ്രതിസന്ധി പരിഹാരത്തിന് കുടിയേറ്റക്കാരുടെ സഹായം വേണമെന്ന് ഇമിഗ്രേഷന്‍ മന്ത്രി

ഒട്ടാവ- കാനഡ നേരിടുന്ന പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ കുടിയേറ്റക്കാരുടെ സഹായം അത്യാവശ്യമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. നിര്‍മാണപ്രക്രിയില്‍ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരില്ലാതെ  പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  

ഭവന നിര്‍മ്മാണച്ചെലവ് കുറക്കുകയും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയും ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുമെന്നും മില്ലര്‍ അറിയിച്ചു.

പാര്‍പ്പിട പ്രതിസന്ധിയുടെ പേരില്‍ ഇമിഗ്രേഷന്‍ കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ കുടിയേറ്റക്കാര്‍ പാര്‍പ്പിട പ്രതിസന്ധി വര്‍ധിപ്പിക്കുന്നുവെന്ന ബാങ്ക് ഓഫ് കാനഡ റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയും ചെയ്തു. 2024ല്‍ നാലര ലക്ഷത്തിലേറെ പുതിയ കുടിയേറ്റക്കാരെയാ്ണ് കാനഡ ലക്ഷ്യമിടുന്നത്. 2025ഓടെ പുതിയ കുടിയേറ്റക്കാരുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരും. 

കാനഡയിലേക്കുള്ള പുതിയ കുടിയേറ്റക്കാരില്‍ 60 ശതമാനവും സാമ്പത്തിക കുടിയേറ്റക്കാരാണെന്നും അവരില്‍ പലരും കൂടുതല്‍ ഭവന നിര്‍മ്മാണത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളാണെന്നും മില്ലര്‍ പറഞ്ഞു. കുടിയേറുന്നവരില്‍ ഏകദേശം 20 ശതമാനവും കുടുംബ പുനരേകീകരണ വിസകളാണ്. ബാക്കിയുള്ളവര്‍ അഭയാര്‍ഥികളും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്റാരിയോ പോലുള്ള പ്രവിശ്യകള്‍ക്ക് പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ ഒരുലക്ഷം തൊഴിലാളികളാണ് ആവശ്യം. 
നിര്‍മ്മാണ വ്യവസായത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല വരാനിരിക്കുന്ന വിരമിക്കല്‍ തരംഗം പ്രശ്നം കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്.

Latest News