ഊര്‍ജം, ഇറക്കുമതി രംഗങ്ങളില്‍ യുഎഇ-ചൈന സഹകരണം മെച്ചപ്പെടുത്തും; 13 കരാറുകള്‍ ഒപ്പിട്ടു

അബുദബി- ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ 13 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഊര്‍ജം, ഇറക്കുമതി, നിര്‍മാണം എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തും. ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയുടെ നിര്‍മാണത്തില്‍ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കും. സംയുക്ത നിക്ഷേപം നടത്താനാണ് ധാരണ. ഇറക്കുമതി, നിര്‍മ്മാണ മേഖലകളിലും ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. തന്ത്രപ്രധാന മേഖലകളില്‍ ചൈനയുമായി സഹകരണത്തിന് കരാറുണ്ടാക്കിയ ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ചൈനയുമായി മികച്ച സാമ്പത്തിക ബന്ധം യുഎഇക്ക് ഉണ്ട്. 2015ല്‍ ഇരു രാജ്യങ്ങളും സംയുക്തമായി 1000 കോടി ഡോളര്‍ ഫണ്ടിന് രൂപം നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ 400 കോടി ഡോളറിന്റെ നിക്ഷേപം ഈ ഫണ്ടിലെത്തിയിരുന്നു.

ചൈനയുടം സില്‍ക്ക് റോഡ് പദ്ധതി, മാരിടൈം സില്‍ക്ക് റോഡ് പദ്ധതികളിലും യുഎഇ സഹകരിക്കും. അബുദബിയുടെ ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക്കുമായി ചൈനയുടെ ദേശീയ പെട്രോളിയം കമ്പനി പരസ്പര സഹകരണത്തിനു കരാര്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളിലും സ്ഥാനപതി കാര്യാലയവും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കാനും ധാരണയായി.
 

Latest News