ദുബായ്- കഴിഞ്ഞ മാസം 31 മുതൽ ദുബായിൽനിന്നു കാണാതായ ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34) ദുബായ് സി.ഐ.ഡിയുടെ കസ്റ്റഡിയിൽ കണ്ടെത്തി. സന്ദർശക വിസയുടെ കാലാവധി പൂർത്തിയായതിനാൽ പിടിക്കപ്പെട്ടതാണെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ അധികൃതർ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലുള്ള അമ്മ മേരി ജെസിന്ത മകനെ കാണാതായതു മുതൽ പ്രയാസത്തിൽ കഴിയുകയായിരുന്നു. സാമുഹിക, ജീവകാരുണ്യ പ്രവർത്തകരുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് സാബു സി.ഐ.ഡിയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചത്.
2017 മുതൽ യു.എ.ഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിലായിരുന്നു ആദ്യം ജോലി. കോവിഡ്-19 കാലത്ത് ജോലി നഷ്ടപ്പെട്ടു. പിന്നീട് അബുദാബിയിൽ ഒരു കർട്ടൻ നിർമാണ കമ്പനിയിൽ ജോലി ചെയ്‌തെങ്കിലും അതും വിടേണ്ടി വന്നു. എല്ലാ ദിവസവും അമ്മ മേരി ജസിന്തയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന സാബു ഇടയ്ക്ക് നേരിട്ട് ചെന്നു കാണാറുമുണ്ടായിരുന്നു. കാണാതാവുന്നതിന് രണ്ട് ദിവസം മുമ്പ് അബുദാബിയിലെത്തി അമ്മയെ സന്ദർശിച്ചിരുന്നു. ഷാർജയിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നു എന്ന് പറഞ്ഞ് മടങ്ങിയതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
നിർധന മത്സ്യത്തൊഴിലാളി കുടുംബാംഗമായ മേരി ഭർത്താവിന്റെ മരണത്തെത്തുടർന്ന് വീട്ടു ജോലിയും മറ്റും ചെയ്താണ് മക്കളെ പോറ്റിയിരുന്നത്. ഏതാനും വർഷമായി അബുദാബിയിലുള്ള മേരി മകന് ജോലി ലഭിച്ചാൽ കുടുംബത്തെ കരയറ്റാമെന്ന വിശ്വാസത്തിലാണ് മകനെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവന്നത്.






