Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇഖാമ പുതുക്കാന്‍ വാടക കരാര്‍ നിര്‍ബന്ധമാക്കും

ജിദ്ദ- വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റുകളും ഇഖാമകളും പുതുക്കുന്നതിന് വാടക കരാര്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ വൈകാതെ നടപ്പാക്കുമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാര്‍ പ്രോഗ്രാം സ്ട്രാറ്റജിക് പെര്‍ഫോമന്‍സ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അല്‍സമാരി വെളിപ്പെടുത്തി. ജിദ്ദയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുനൂറിലേറെ ബ്രോക്കര്‍മാരും ഏജന്റുമാരും യോഗത്തില്‍ പങ്കെടുത്തു. തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കുന്നതിനാണ് ഈജാര്‍ പ്രോഗ്രാം ശ്രമിക്കുന്നത്.
വിദേശികള്‍ക്കുള്ള ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് നടപടികളെ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട കരാറുമായി ബന്ധിപ്പിക്കുന്നതിന് നീക്കമുണ്ട്. ഈജാര്‍ പ്രോഗ്രാം ആദ്യമായി പ്രാവര്‍ത്തികമാക്കുന്ന പങ്കാളിത്തം ഇതായിരിക്കും. ഇതനുസരിച്ച് ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട കരാറില്ലാതെ വിദേശികളുടെ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും പുതുക്കുന്നതിന് സാധിക്കില്ലെന്നും അബ്ദുറഹ്മാന്‍ അല്‍സമാരി പറഞ്ഞു.
ഈജാര്‍ പ്രോഗ്രാമിനെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ഏകീകൃത വാടക കരാര്‍ വകുപ്പുകളും യോഗത്തില്‍ പ്രതിപാദിച്ചു. വാടക കരാറുകള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമൂലം കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കുമുള്ള പ്രയോജനങ്ങളും വിശദീകരിക്കപ്പെട്ടു. നാലു ചുവടുവെപ്പുകള്‍ മാത്രം നടത്തി എട്ടു മിനിറ്റിനകം വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എക്‌സ്പ്രസ് സേവനം ആരംഭിച്ചിട്ടുണ്ട്. വാടക കരാര്‍ ഒപ്പുവെക്കുന്ന ഏതെങ്കിലും ഒരു കക്ഷിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിറില്‍ അക്കൗണ്ടില്ലെങ്കിലും വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കുമെന്ന് അബ്ദുറഹ്മാന്‍ അല്‍സമാരി പറഞ്ഞു. ഫെബ്രുവരി 12 ന് ആണ് ഈജാര്‍ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. വാടക മേഖല ക്രമീകരിക്കുന്നതിനും വാടക കരാറില്‍ ഉള്‍പ്പെട്ട കക്ഷികളുടെ അവകാശങ്ങള്‍ ഉറപ്പുവരുന്നതിനുമാണ് ഈജാര്‍ പ്രോഗ്രാമിലൂടെ പാര്‍പ്പിടകാര്യ മന്ത്രാലയം ശ്രമിക്കുന്നത്.

 

Latest News