അബുദാബി- വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്സോഴ്സ് കോൺസുലാർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ തുടർന്ന് യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിലൂടെയായിരിക്കും ലഭിക്കുക.
ഇതിന്റെ ഭാഗമായി അബുദാബിയിലെ ഇന്ത്യൻ എംബസി സേവനദാതാക്കളിൽനിന്ന് അപേക്ഷകൾ (ബിഡ്) ക്ഷണിച്ചു. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും
മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ സേവന ദാതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചത്.
ബിഎൽഎസ് ഇന്റർനാഷനൽ പാസ്പോർട്ട്, ഐവിഎസ് ഗ്ലോബൽ എന്നീ രണ്ട് സേവന ദാതാക്കളാണ് നിലവിൽ ഇന്ത്യൻ പ്രവാസികൾക്ക് ഔട്ട്സോഴ്സ് സേവനങ്ങൾ നൽകിവരുന്നത്. എല്ലാ എമിറേറ്റുകളിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ഐസിഎസി) എന്ന സംവിധാനത്തിന് കീഴിൽ കോൺസുലാർ സേവനങ്ങൾ പുതിയ സേവന ദാതാവ് സംയോജിപ്പിക്കും. അപേക്ഷകരുടെ വീട്ടുപടിക്കലും ഇന്ത്യൻ സിപിവി സേവനങ്ങൾ നൽകാൻ ഔട്ട്സോഴ്സ് ചെയ്ത സേവന ദാതാവിനെ അനുവദിച്ചിട്ടുണ്ട്. ഐസിഎസിയുടെ ശാഖകൾക്ക് യുഎഇയിൽ താമസിക്കുന്ന ഏകദേശം 35 ലക്ഷം ഇന്ത്യക്കാർക്കും ഇന്ത്യൻ വിസ സേവനങ്ങൾ തേടുന്ന വിദേശികൾക്കും ഇവിടത്തെ ഇന്ത്യൻ മിഷനുകൾ വഴി സേവനം ലഭ്യമാകും.






