ന്യൂദല്‍ഹി- എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തള്ളി. ഭൂമി ഇടപാടില്‍ എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന ഹരജി കേരളാ ഹൈക്കോടതി തള്ളിയതിനെതിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്. നിലവില്‍ സുപ്രീം കോടതി ഇടപെടേണ്ട കാര്യമില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച്, കേരളാ ഹൈക്കോടതി ഇക്കാര്യത്തില്‍ ശരിയായ തീരുമാനമെടുത്തിട്ടുണ്ടെന്നും നിരീക്ഷിച്ചു.
ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മാര്‍ട്ടിന്‍ പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പോലീസിനു പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണും വി. ഗിരിയും വാദിച്ചു.
എന്നാല്‍, പരാതിയിന്മേല്‍ എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അക്കാര്യം മേലധികാരികള്‍ക്കു മുമ്പിലോ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനു മുമ്പിലോ ആണ് ബോധിപ്പിക്കേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസിനു പരാതി നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ഹരജിക്കു മുമ്പില്‍ നിക്ഷിപ്ത താത്പര്യമാണെന്നും സഭയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും അതിരൂപതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കെ.വി. വിശ്വനാഥനും എം.ടി. ജോര്‍ജും വാദിച്ചു. ഇതംഗീകരിച്ച കോടതി, ഹൈക്കോടതി ഉത്തരവില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കുകയായിരുന്നു.






