താനൂര്‍ കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി

താനൂര്‍- കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. 

അന്വേഷണ രേഖകള്‍ തിരൂര്‍ കോടതിക്ക് കൈമാറി. കേസ് പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കാണ് മാറ്റുക. 

താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജാഫ്രിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് താമിര്‍ മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. തലയ്‌ക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉദ്യോഗസ്ഥര്‍ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

Latest News