ന്യൂദൽഹി-ലോക്സഭയിൽനിന്ന് തന്നെ സസ്പെൻഡ് ചെയ്തതിനെതിരെ കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സഭയിൽനിന്ന് അകാരണമായി തന്നെ പുറത്താക്കിയ നടപടിക്കെതിരെ ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടിയിലെ നിയമജ്ഞരുമായി കൂടിയാലോചന നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു. തൂക്കിക്കൊന്ന ശേഷം വിചാരണ നേരിടേണ്ട അവസ്ഥയിലാണ് താനുള്ളത്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ബി.ജെ.പി ബോധപൂർവം ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് സസ്പെൻഷനെന്നും ചൗധരി വ്യക്തമാക്കി. താനടക്കം പ്രതിപക്ഷത്തെ നാലു എം.പിമാരെയാണ് പാർലമെന്റിൽ സസ്പെൻഡ് ചെയ്തത്. സുപ്രീംകോടതിയെ സമീപിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ആലോചനകൾ നടക്കുന്നുണ്ടെന്നും ചൗധരി പറഞ്ഞു. പാർലമെന്റിൽ ആരെയെങ്കിലും ഇകഴ്ത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക എന്ന ഒരു വിദൂര ലക്ഷ്യം പോലും തനിക്കുണ്ടായിരുന്നില്ല. ഇത്തരം നടപടികളെ കോടതി വഴിയാണ് നേരിടേണ്ടത്. ലോക്സഭയിൽ വ്യാഴാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചക്കിടെ മോഡി സഭയിലെത്തിയപ്പോൾ മോഡിയെ നിരവ് എന്ന് വിശേഷിപ്പിച്ചതിനാണ് ആധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തത്. മണിപ്പൂർ വിഷയത്തിലൊഴികെ എല്ലാ കാര്യങ്ങളിലും മോഡി സംസാരിക്കുന്നു, അദ്ദേഹം നിരവ് ആണെന്ന് പറഞ്ഞത് നിശബ്ദനായി ഇരിക്കുന്നയാൾ് എന്ന അർത്ഥത്തിലാണ്. പ്രധാനമന്ത്രി മോഡിയെ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശമന്നും ചൗധരി പറഞ്ഞു. വർ കുറ്റകരമെന്നു തെറ്റിദ്ധരിച്ച ഒന്നോ രണ്ടോ വാക്കുകളുടെ പേരിൽ എന്നെ സസ്പെൻഡ് ചെയ്യാൻ കഴിയില്ലെന്നും ചൗധരി പറഞ്ഞു. പ്രിവിലേജസ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെയാണ് ആദിർ ചൗധരിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.