ഇന്നാണ് പുന്നമടയിലെ ലോകപ്രശസ്തമായ വള്ളംകളി. ഒരുമിച്ചുയർന്ന് ഒരുമിച്ച് ജലോപരിതലത്തിൽ പതിക്കുന്ന തുഴകൾ. ആ താളവും വേഗവും നെഞ്ചേറ്റി പുളകിതമായി മുന്നോട്ടു പായുന്ന ചുണ്ടൻ. അമരത്ത് വലിയ പങ്കായവുമായി നാലാൾ. ഏറ്റു തുഴയാൻ നൂറിലേറെ പേർ. എല്ലാവരുടെയും മനസ്സിൽ ഒരേ ലക്ഷ്യം. കേരളത്തിലെ ജലരാജാക്കന്മാരെല്ലാം ഒന്നിച്ചണിനിരക്കുന്ന വേദിയാണ് നെഹ്‌റു ട്രോഫി വള്ളംകളി
ലോകത്ത് ഏറ്റവുമധികം കായിക താരങ്ങൾ ഒന്നിച്ചണിനിരന്ന് മൽസരിക്കുന്ന ഏക വിനോദമാണ് വള്ളംകളി. ഒരു മൽസരത്തിൽ നാന്നൂറിലധികം പേരുണ്ടാകും. അതുകൊണ്ടാണ് ഓളപ്പരപ്പിലെ ഒളിംപിക്‌സ് എന്ന പേര് നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരാനിടയായത്. കേരളത്തിലെ ജലരാജാക്കന്മാരെല്ലാം ഒന്നിച്ചണിനിരക്കുന്ന വേദിയാണ് പുന്നമട. ഇന്നാണ് ലോകപ്രശസ്തമായ വള്ളംകളി.
കായൽപരപ്പിൽ കരിനാഗങ്ങളെപ്പോലെ കുതിച്ചുചാടിയുള്ള ചുണ്ടനുകളുടെ വരവ് അക്ഷരാർഥത്തിൽ കാണികളെ ആവേശക്കൊടുമുടി കയറ്റും. അതാണ് ലോകത്തിന്റ നാനാദിക്കുകളിൽ നിന്നുള്ള ആയിരങ്ങൾ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിലേക്കുള്ള യാത്രയ്ക്കായി മാറ്റിവച്ചിരുക്കുന്നത്. വേമ്പനാട് കായലിന്റെ തെക്കേ അറ്റത്തുള്ള പുന്നമടക്കായലിലെ 1350 മീറ്റർ വരുന്ന ദൂരം നാല് മിനിറ്റും ഏതാനും സെക്കന്റും കൊണ്ട് കുതിച്ചുപാഞ്ഞെത്തി ഫിനിഷിംഗ് ചെയ്യുന്നവരാണ് വള്ളം കളിയിലെ രാജാവ്. ഈയൊരു നാല്-നാലര മിനിറ്റ് പുന്നമടയുടെ ഇരുതീരവും ഇളകിമറിയും. മാധ്യമങ്ങളിലൂടെ കാണുന്ന ലക്ഷക്കണക്കിന് വള്ളംകളി പ്രേമികൾ ആർത്തുവിളിക്കും. ഓരോ കരയുടെയും ചുണ്ടനാണ് പോരാട്ടത്തിനിറങ്ങുന്നത്. അവയെ മൽസരത്തിനെത്തിക്കുന്ന ബോട്ട് ക്ലബുകളും പേരും പ്രശസ്തിയുമാർജിച്ച് ലോകമറിയുന്നു. ചാട്ടുളി പോലെ പായുന്ന ചുണ്ടനുകളിലെ തുഴച്ചിൽക്കാരെ പരിശീലിപ്പിച്ചെടുക്കുന്നത് കഠിനമായ അധ്വാനമാണ്. ഒരു മാസത്തിലേറെ കായിക, മാനസിക പരിശീലനം നൽകി തുഴക്കാരെ സംരക്ഷിക്കുന്നു.
പഴയപടി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയിലേക്കു തന്നെ വള്ളംകളി തിരികെയെത്തിയിരിക്കുന്നതിന്റെ ആവേശലഹരി വാനോളമാണ്. രണ്ടു വർഷം നടക്കാതിരുന്ന വള്ളംകളി പതിവിന് വിപരീതമായി കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് നടത്തിയത്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നായി വള്ളംകളി പ്രേമികൾ മലവെള്ളം പോലെ കുത്തിയൊഴുകി ആലപ്പുഴയിലേക്ക് എത്തിത്തുടങ്ങി. കൈയിൽ തുഴയുമേന്തി പായുന്ന ആരോഗ്യ ദൃഢഗാത്രരായ ഗ്രാമീണരുടെ കായികാഭ്യാസത്തിന്റെ മനോഹാരിത ആവോളം നുകരാനാണ് വിദേശകളടക്കം ആയിരങ്ങൾ പുന്നമടയിലേക്ക് എത്തുന്നത്. എല്ലാവർക്കും ഇവിടെ ആവേശമാണ്. തുഴച്ചിൽക്കാരെ ആവേശക്കൊടിമുടി കയറ്റുന്നത് കരയിലിരമ്പിയാർത്തുനിൽക്കുന്ന വള്ളംകളി പ്രേമികളാണ്. ഏതൊരു കായിക മൽസരവും പോലെ ഗ്രൗണ്ട് സപ്പോർട്ടാണ് ഇവിടെയും ജലചക്രവർത്തിമാരെ നിർണയിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് പുന്നമടയിലെ ഓളം വെട്ടുന്നതു പോലെ മനസ്സ് ചാഞ്ചാടിക്കൊണ്ടിരിക്കും. ഓരോ ഹീറ്റ്‌സിലും ഓരോ ചുണ്ടനുകൾക്കൊപ്പമാണ്. മികച്ച വേഗം കുറിക്കുന്ന നാലുപേർക്കൊപ്പമാകും ഫൈനലിൽ മനസ്സ്. കരകളുടെയും ചുണ്ടനുകളുടെയും താൽപര്യത്തിനു പുറമെ അപ്പോഴത്തെ പ്രകടനം നോക്കിയും കൂടെക്കൂടുന്നവരുണ്ട്.
കുട്ടനാടിന്റെ ഭംഗിയും വള്ളംകളിയുടെ ആവേശവും നുകരാനെത്തുന്ന സഞ്ചാരികളെ ആവേശത്തിലും ഉദ്വേഗത്തിലുമേറ്റാൻ കുട്ടനാട്ടിലെ ജലരാജാക്കന്മാർ നേരത്തേ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. ഇന്ന് ആലപ്പുഴയിലെങ്ങും തത്തിക്കളിക്കുന്നത് നതോന്നതയുടെ ഈരടികളാണ്. കൈക്കരുത്തിന്റെയും കൂട്ടായ്മയുടെയും സമന്വയമാണ് പുന്നമടക്കായലിൽ. ധനസമൃദ്ധിയും ജലസമൃദ്ധിയും സമഞ്ജസമായി ഒത്തുചേരുന്ന ഓണക്കാലത്തിന്റെ തുടക്കമാണ് ആലപ്പുഴയിലെ വള്ളംകളി. വള്ളംകളിയിലെ രാജസ്ഥാനമാണ് നെഹ്‌റു ട്രോഫിക്കുള്ളത്. ചുണ്ടനു പുറമെ ഓടിയും വെപ്പും ഇരുട്ടുകുത്തിയും ദൃശ്യവിസ്മയം തീർക്കുന്ന പുന്നമടയിൽ കരങ്ങളുടെ കരുത്ത് അറിയിക്കുന്ന ജലരാജാക്കന്മാർ കണക്ക് തീർക്കാൻ കൂടിയാണ് ഓളപ്പിരപ്പിലിറങ്ങുക.
മൽസര വള്ളംകളി തുടങ്ങുന്നതിനു മുമ്പ് അരങ്ങേറുന്ന മാസ്ഡ്രിൽ രസകരവും മാസ്മരികത നിറഞ്ഞതുമാണ്. മൽസരിക്കുന്ന 19 ചുണ്ടനുകളും നെഹ്‌റു പവിലിയന് അഭിമുഖമായിട്ട് ഒരേ താളത്തിൽ തുഴ കൊണ്ട് കാണിക്കുന്ന അഭ്യാസമാണ് മാസ്ഡ്രിൽ. രണ്ടായിരത്തോളം പേർ ഒന്നിച്ചണിനിരക്കുന്ന മാസ്ഡ്രില്ലിൽ തുഴകളുടെ വേഗം പ്രകടമാകും. ആദ്യം തുഴ കുത്തിപ്പിടിക്കും പിന്നീട് ഇരുവശങ്ങളിലേക്കും നീട്ടുകയും ശേഷം ആർപ്പുവിളികളോടെ വാനിലേക്ക് ഉയർത്തുകയും ചെയ്യും. രണ്ടായിരം തുഴകൾ ഒന്നിച്ച് വാനിലേക്ക് ഉയരുന്നത് കാണികളെ ഹരം കൊള്ളിക്കും.
പത്തി വിരിച്ച് നിൽക്കുന്ന സർപ്പത്തിന്റെ മാതൃകയിൽ അമരം ഉയർത്തിപ്പണിയുന്ന വള്ളങ്ങളെ പാമ്പോടം എന്നാണ് ആദ്യകാലത്ത് വിളിച്ചിരുന്നത്. യുദ്ധ വാഹനങ്ങളായി ഉപയോഗിച്ച ഇവ പിന്നീട് യാത്രക്കും വരവേൽപിനും എഴുന്നള്ളത്തിനും ഉപയോഗിച്ചു. അൻപത്തിയൊന്നിലധികം കോൽ നീളമാണ് ചുണ്ടൻ വള്ളങ്ങൾക്കുള്ളത്. നൂറിലേറെ തുഴച്ചിൽക്കാർക്ക് ഇതിൽ കയറാനാകും. ചുണ്ടൻവള്ളത്തിന് 16 ഭാഗങ്ങളാണ് ഉള്ളത്. കൂമ്പ്, പറ, പൊതിവില്ല്, മണിക്കാലുകൾ, ചുരുട്ടിക്കുത്ത്, വെടിത്തടി, വില്ല്, ഇളംപാലം, പടികൾ, കുമിളകൾ, ആട, നെറ്റി, നെറ്റിപ്പൊട്ട്, അമരം, താണതട്ട്, മുൻതട്ട്. കൂടുതൽ പഴക്കം നിൽക്കേണ്ടതിനാൽ ആഞ്ഞിലിത്തടിയാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.
600 മുതൽ 750 വരെ ഘന അടി തടി, മൂന്ന് ക്വിന്റൽ ഇരുമ്പ്, 300 കിലോ പിത്തള എന്നിവയാണ് നിർമാണത്തിനായി വേണ്ടത്. ഇരുമ്പുപണി ഉൾപ്പെടെ 1300 ഓളം തച്ചാകും. 25 മുതൽ 40 ലക്ഷം രൂപയോളം ചെലവ് വരും. ഓരോ വള്ളത്തിനും നാല് അമരക്കാരുണ്ടാകും. ഒന്നാമത്തെ അമരക്കാരനാണ് ഏറ്റവും പിന്നിൽ. നിലയാളുകളായി 10 മുതൽ 16 പേരും. പാട്ടു പാടുകയും താളം പകരുകയുമാണ് ഇവരുടെ പ്രധാന ജോലി. ഈ പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തുഴ വെള്ളത്തിൽ വീഴുന്നത്. വള്ളത്തിന്റെ മധ്യഭാഗത്തുള്ള വെടിത്തടിയിലാണ് പാട്ടുകാരുടെ സ്ഥാനം. യുദ്ധത്തിനായി പോകുമ്പോൾ പടക്കോപ്പുകൾ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ നിർമിച്ചത് കോയിൽമുക്ക് നാരായണനാചാരിയാണ്.
ചുണ്ടൻ വള്ളങ്ങളുടെ സൗന്ദര്യം വർണനാതീതമാണ്. ദൈവികതയുടെ സ്പർശം ചേർത്ത് മെനഞ്ഞെടുക്കുന്നവയാണ് ഓളപ്പരപ്പുകളുടെ കുളിർസ്പർശമാകുന്ന ജലകേസരികൾ. ഒരുമിച്ചുയർന്ന് ഒരുമിച്ച് ജലോപരിതലത്തിൽ പതിക്കുന്ന തുഴകൾ. ആ താളവും വേഗവും നെഞ്ചേറ്റി പുളകിതമായി മുന്നോട്ടു പായുന്ന ചുണ്ടൻ. അമരത്ത് വലിയ പങ്കായവുമായി നാലാൾ. ഏറ്റു തുഴയാൻ നൂറിലേറെ പേർ. എല്ലാവരുടെയും മനസ്സിൽ ഒരേ ലക്ഷ്യം. അകലെയുള്ള ഫിനിഷിംഗ് പോയന്റ്. താളശബ്ദങ്ങൾക്കൊപ്പം കരക്കാരുടെ ആർപ്പുവിളികളും ആരവവും മുഴങ്ങവേ ചുണ്ടൻ കുതിച്ചു മുേന്നറുന്നു. കുട്ടനാട്ടുകാരന്റെ മനസ്സിൽ ആഹ്ലാദത്തിന്റെ അനർഘ നിമിഷങ്ങൾ. ലക്ഷ്യത്തിലെത്തുമ്പോൾ ഇരുകൈകൾ കൊണ്ട് തുഴകൾ കൂട്ടത്തോടെ മുകളിലേക്കുയർത്തി ആഹ്ലാദത്തിന്റെ ആരവമുയർത്തുന്നു തുഴക്കാർ. ദൃശ്യപ്പൊലിമയുടെ ഈ മനോഹാരിത പുന്നമടക്കായലില്ലാതെ മറ്റെവിടെയാണ് കാണാനാവുക. എന്തു രസമാണ് ആ കുത്തിത്തുഴച്ചിലും ഫിനിഷിംഗും.
1952 ഡിസംബർ 22 ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ആദ്യസന്ദർശനമാണ് ഈ ജലവിസ്മയത്തിന് വഴിയൊരുക്കിയത്. ജലോത്സവം കാണാനായി നെഹ്‌റു കോട്ടയത്ത് നിന്ന് ബോട്ടിൽ ആലപ്പുഴയ്ക്ക് തിരിച്ചു. കൂടെ മകൾ ഇന്ദിരയും അവരുടെ മക്കളായ രാജീവും സഞ്ജയും. പുന്നമടയിലെ വെള്ളിയോളങ്ങളെ കീറിമുറിച്ച് ബോട്ട് മൺറോ തുരുത്തിലടുത്തു. മൂവർണക്കൊടികൾ കൊണ്ടലങ്കരിച്ച കളിവള്ളങ്ങൾ കണ്ട് നെഹ്‌റുവും മകളും ചെറുമക്കളും അത്ഭുതം കൂറി. പ്രധാനമന്ത്രിയുടെ വരവ് കാണാൻ കുട്ടനാടൻ കായലുകൾക്കിരുവശവും ജനസഞ്ചയവുമെത്തി. കേരളം അതുവരെ ദർശിച്ചിട്ടില്ലാത്ത ഒരു വരവേൽപായിരുന്നു. ജലസേചന വകുപ്പിന്റെ ഡക്‌സ് എന്ന മോട്ടോർ ബോട്ടിൽ നെഹ്‌റു എത്തി. മൺറോ തുരുത്തിലെ വേദിയിൽ അദ്ദേഹവും കുടുംബവും ഇരുന്നു. തുടർന്ന് വള്ളംകളി. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുത്തത്. പത്ത് മിനിറ്റ് മാത്രമേ അന്ന് വള്ളംകളി ഉണ്ടായിരുന്നുള്ളൂ. നടുഭാഗം, പാർഥസാരഥി, നെൽസൺ, നെപ്പോളിയൻ, കാവാലം, ഗോപാലകൃഷ്ണൻ, ഗിയർഗോസ്, ചമ്പക്കുളം, നേതാജി എന്നീ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നര കിലോമീറ്റർ ദൂരത്തിൽ നടന്ന മൽസരത്തിൽ ഒന്നാമത് തുഴഞ്ഞെത്തിയത് നടുഭാഗം ചുണ്ടനാണ്. മനസ്സിനെ മദിപ്പിച്ച വള്ളങ്ങളുടെ പോരാട്ടം കണ്ട് നെഹ്‌റു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി.
രാഷ്ട്ര ശിൽപിക്ക് അത് കേവലം കാഴ്ചക്കളി മാത്രമായിരുന്നില്ല. ഒരു നാടിന്റെ കാർഷികത്തനിമക്ക് ഇങ്ങനെയൊരു കായിക വിനോദം മാറ്റ് പകരുന്നുണ്ടല്ലോ എന്ന സന്തോഷം പണ്ഡിറ്റ്ജിയെ വിസ്മയിപ്പിച്ചു. എല്ലാ വർഷവും വള്ളംകളി ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് അന്ന് നെഹ്‌റു നിർദേശിച്ചു. ആവേശത്താൽ നടുഭാഗം ചുണ്ടനിൽ ചാടിക്കയറിയാണ് ക്യാപ്റ്റൻ പയ്യനാട് ചാക്കോ മാപ്പിളക്ക് നെഹ്‌റു ട്രോഫി സമ്മാനിച്ചത്. ദൽഹിയിലേക്ക് മടങ്ങിയ നെഹ്‌റു വെള്ളിയിൽ നിർമിച്ച ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ സ്വന്തം കൈയൊപ്പ് പതിച്ച് ആലപ്പുഴയിലെത്തിച്ചു. പുന്നമടക്കായലിലേക്ക് വള്ളംകളി പ്രേമികളെ ഓരോ വർഷവും ആനയിക്കുന്നത് ഈ വെള്ളിക്കപ്പാണ്. നെഹ്‌റുവിന്റെ കാലമത്രയും പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫിയായി അറിയപ്പെട്ടിരുന്ന വള്ളംകളി അദ്ദേഹത്തിന്റെ കാലശേഷം നെഹ്‌റു ട്രോഫിയായി. പ്രൈംമിനിസ്‌റ്റേഴസ് ട്രോഫി ആദ്യമായി നേടിയത് കാവാലം ചുണ്ടനാണ്. വട്ടക്കായലിൽ നടന്ന മൽസര വള്ളംകളി നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്താണ് പുന്നമടക്കായലിലേക്ക് മാറ്റിയത്. ഒരു രാഷ്ട്രത്തലവന്റെ സ്മാരകം വെള്ളിവെളിച്ചം വിതറുന്ന ശോഭയോടെ കുട്ടനാട് ഊട്ടിവളർത്തിയ നെഹ്‌റു ട്രോഫി അല്ലാതെ വേറൊന്നില്ല.