അവിശ്വാസം: ജയിച്ചത് പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ തീർത്തും ദുർബലവും പരിഹാസ്യവുമായ കാര്യങ്ങളാണ് ഭരണപക്ഷം ഉയർത്തിയത്. പ്രതിപക്ഷ നേതാക്കളുടെ സംസാരത്തിലെ ചില വാചകങ്ങൾ മാത്രം എടുത്തു കാട്ടി അതിനെച്ചൊല്ലി ബഹളം സൃഷ്ടിക്കുക, രാഹുൽ ഗാന്ധി ഫ്‌ളൈയിംഗ് ചുംബനം നൽകിയെന്ന് പറഞ്ഞ് ബി.ജെ.പിയിലെ വനിത നേതാക്കളെക്കൊണ്ട് പരാതി നൽകുക തുടങ്ങിയ ദുർബലവും അപഹാസ്യവുമായ കാര്യങ്ങൾ മാത്രമാണ് ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനെതിരെ ചെയ്യാനുണ്ടായിരുന്നത്. 

തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട്  തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യുകയും അത് സംബന്ധിച്ച ചർച്ചകൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുകയെന്നത് ജനാധിപത്യത്തിലെ രീതിയാണ്. ഇതിന് വേണ്ടിയാണ് അവിശ്വാസ പ്രമേയങ്ങൾ കൊണ്ടുവരുന്നത്. പഞ്ചായത്ത് മുതൽ ഇന്ത്യൻ പാർലമെന്റിൽ വരെ ചട്ടങ്ങളെയും നിയമങ്ങളെയും അടിസ്ഥാനപ്പെടുത്തി അവിശ്വാസ പ്രമേയങ്ങൾ കൊണ്ടുവരാറുണ്ട്. അംഗബലത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ പുറത്താക്കാനുള്ള ഏക അവസരം കൂടിയാണ് അവിശ്വാസം രേഖപ്പെടുത്തൽ. അവിശ്വാസം കൊണ്ടുവരുന്നതിന് വിശാലമായ ലക്ഷ്യമുണ്ടെങ്കിലും പലപ്പോഴും ഭരണകൂടത്തെ പുറത്താക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് അവിശ്വാസത്തിന്റെ ഗതി മാറിപ്പോകാറുണ്ട്. 
മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയും പ്രധാനമന്ത്രിയുടെ സുദീർഘമായ മറുപടി പ്രസംഗത്തിന് ശേഷം ശബ്ദ വോട്ടോടെ അവിശ്വാസ പ്രമേയം തള്ളുകയും ചെയ്തു. സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ അത് പാസാക്കിയെടുക്കാമെന്നോ അല്ലെങ്കിൽ സർക്കാരിനെ പുറത്താക്കാമെന്നോ ഉള്ള വിദൂര സ്വ്പനം പോലും പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. അവർ അങ്ങനെ സ്വപ്‌നം കണ്ടിട്ട് കാര്യവുമില്ല. സർക്കാരിനെ പുറത്താക്കാനുള്ള അംഗബലം പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾക്കില്ല. 
എന്നാൽ സർക്കാരിനെ പുറത്താക്കുകയെന്ന നടക്കാനിടയില്ലാത്ത സ്വപ്നം മാറ്റി നിർത്തിയാൽ എല്ലാ അർത്ഥത്തിലും ഫലവത്തായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കം. എന്താണോ പ്രതിപക്ഷ കക്ഷികൾ അവിശ്വാസത്തിലൂടെ ഉദ്ദേശിച്ചത് അത് വളരെ കൃത്യമായിത്തന്നെ അവർക്ക് നടത്തിയെടുക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ പ്രതിപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസം പരാജയമല്ല, മറിച്ച് വലിയ വിജയം തന്നെയാണ്. രാജ്യം ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ മണിപ്പൂരിൽ അരങ്ങേറുന്ന കലാപത്തെയും അതിന്റെ മറവിൽ സ്ത്രീകൾക്ക് നേരെ അവിടെ നടക്കുന്ന പൈശാചികമായ കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ പ്രധാനമന്ത്രിയെക്കൊണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെക്കൊണ്ടും പാർലമെന്റിൽ മറുപടി പറയിക്കുകയെന്ന ലക്ഷ്യം നടത്തിയെടുക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. മാത്രമല്ല, സർക്കാരറിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും സർക്കാർ തെറ്റായ നിലപാടുകൾ സ്വീകരിക്കുമ്പോൾ ഉറച്ച ശബ്ദത്തോടെ അതിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കാനും കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം. 
അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിലും പാർലമെന്റിൽ സർക്കാരിനെതിരെ അതിനേക്കാൾ വലിയ പ്രഹരം വാക്കുകളിലൂടെ ഏൽപിക്കാൻ കഴിഞ്ഞു. മണിപ്പൂർ കലാപത്തെക്കുറിച്ച്, അത് തുടങ്ങിയത് മുതൽ ഇക്കാലമത്രയും പ്രതികരിക്കാൻ പോലും തയാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കൊണ്ട് ഇക്കാര്യത്തിൽ ദീർഘനേരം പാർലമെന്റിൽ സംസാരിപ്പിക്കാൻ കഴിഞ്ഞു. ഭരണപക്ഷത്തേക്കാൾ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാണ് അവിശ്വാസ പ്രമേയ ചർച്ചയിലാകെ മുഴങ്ങിക്കേട്ടത്. പ്രതിപക്ഷത്തിന്റെ എണ്ണിയെണ്ണിയുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിക്കടക്കം ഉത്തരം പറയേണ്ട സ്ഥിതിയുണ്ടായി. 
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഭരണ മുന്നണിക്കെതിരെ കെട്ടിപ്പടുത്ത 'ഇന്ത്യ' എന്ന കൂട്ടായ്മയുടെ മാറ്റുരച്ചു നോക്കാനുള്ള അവസരം കൂടിയായിരുന്നു അവിശ്വാസ പ്രമേയത്തിലെ ചർച്ചകൾ. 'ഇന്ത്യ'യുടെ ശക്തിപ്രകടനമായിത്തന്നെ പാർലമെന്റിലെ ചർച്ചകൾ മാറി. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് ഭരണപക്ഷത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞു. അപ്പുറത്ത് ഭരണപക്ഷമാകട്ടെ, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ശരിക്കും വിയർക്കുക തന്നെ ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ലെന്ന ബോധ്യം ഭരണമുന്നണിക്കുണ്ടായി. 
നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ഇന്ത്യയിൽ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന കാര്യം കൃത്യമായി വരച്ചു കാട്ടുന്നതായിരുന്നു അവിശ്വാസ പ്രമേയത്തിലെ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ. അവിശ്വാസ പ്രമേയം കൊണ്ടുവന്നതിലൂടെ പ്രതിപക്ഷം എന്താണോ ഉദ്ദേശിച്ചത്, അത് വളരെ പ്രസക്തമായും ആധികാരികമായും അവതരിപ്പിക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് കഴിഞ്ഞു. സർക്കാരിനെ മുട്ടുകുത്തിക്കുകയെന്ന ലക്ഷ്യം വലിയൊരു പരിധിവരെ ഇവിടെ സാധ്യമായി. ആ അർത്ഥത്തിൽ അവിശ്വാസ പ്രമേയത്തിൽ വലിയ വിജയം തന്നെയാണ് പ്രതിപക്ഷം നേടിയത്.
അവിശ്വാസ പ്രമേയം വോട്ടിനിട്ട് ജയിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടു കൂടി വളരെ വീറും വാശിയും പ്രകടമാക്കാനും ഭരണപക്ഷത്തെ ആകെ അസ്വസ്ഥമാക്കാനും അവിശ്വാസ പ്രമേയത്തിന് കഴിഞ്ഞുവെന്നതാണ് പ്രതിപക്ഷത്തിന്റെ വിജയം. അടുത്ത കാലത്തൊന്നും ഇത്രയും വീറും വാശിയും നിറഞ്ഞ രീതിയിലുള്ള അവിശ്വാസ പ്രമേയ ചർച്ച പാർലമെന്റിൽ ഉണ്ടായിട്ടില്ല. ചർച്ചയുടെ ഫോക്കസ് കൃത്യമായി മണിപ്പൂരിലേക്ക് തിരിച്ചുവെച്ചുകൊണ്ട് തന്നെ നരേന്ദ്ര മോഡി ഭരണത്തിൽ രാജ്യമാകെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വളരെ കാമ്പുള്ള രീതിയിൽ തന്നെ അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവിശ്വാസ പ്രമേയ ചർച്ചയിൽ കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഭരണപക്ഷത്തിന് വലിയ ക്ഷീണമുണ്ടാക്കിയതും.
പ്രധാനമായും രണ്ട് നേട്ടങ്ങളാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നതിലൂടെ പ്രതിപക്ഷത്തിന് ഉണ്ടായിട്ടുള്ളത്. മണിപ്പൂർ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കഴിഞ്ഞതിനൊപ്പം സംഘപരിവാർ രാജ്യത്ത് കാട്ടിക്കൂട്ടുന്ന വർഗീയ നിലപാടുകളെ പച്ചയായിത്തന്നെ തുറന്ന്ുകാണിക്കാൻ കഴിഞ്ഞുവെന്നതാണ് ആദ്യത്തെ നേട്ടം. അതും ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പാർലമെന്റിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷ നിരയിലെ നേതാക്കൾക്ക് കഴിഞ്ഞു. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ഊർജം അവിശ്വാസ പ്രമേയ ചർച്ചയിയൂടെ ലഭിച്ചിട്ടുണ്ടെന്നതാണ് രണ്ടാമത്തെ കാര്യം. പ്രതിപക്ഷ കക്ഷി നേതാക്കളെ ചർച്ചയ്ക്കിടയിൽ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ  ഭരണ കക്ഷി ശ്രമിച്ചപ്പോഴെല്ലാം അതിനെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂട്ടായ ശ്രമം നടത്തിയിട്ടുണ്ട്. അത് പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഭരണ മുന്നണിയെയാണ് യഥാർത്ഥത്തിൽ അവിശ്വാസ പ്രമേയത്തിന്റെ ചർച്ചാവേളയിൽ പാർലമെന്റിൽ കണ്ടത്. മണിപ്പൂരിലെ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് പാർലമെന്റിൽ മറുപടി പറയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. അക്കാര്യത്തിൽ പൂർണ വിജയം കൈവരിക്കാൻ കഴിഞ്ഞു. 
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ തീർത്തും ദുർബലവും പരിഹാസ്യവുമായ കാര്യങ്ങളാണ് ഭരണപക്ഷം ഉയർത്തിയത്. പ്രതിപക്ഷ നേതാക്കളുടെ സംസാരത്തിലെ ചില വാചകങ്ങൾ മാത്രം എടുത്തു കാട്ടി അതിനെച്ചൊല്ലി ബഹളം സൃഷ്ടിക്കുക, രാഹുൽ ഗാന്ധി ഫ്‌ളൈയിംഗ് ചുംബനം നൽകിയെന്ന് പറഞ്ഞ് ബിജെപിയിലെ വനിത നേതാക്കളെക്കൊണ്ട് പരാതി നൽകുക തുടങ്ങിയ ദുർബലവും അപഹാസ്യവുമായ കാര്യങ്ങൾ മാത്രമാണ് ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനെതിരെ ചെയ്യാനുണ്ടായിരുന്നത്. പാർലമെന്റിലെ അംഗബലത്തിന്റെ ശക്തിയിൽ പ്രതിപക്ഷത്തെ നിരന്തരം പരിഹസിച്ചിരുന്ന നരേന്ദ്ര മോഡിയും കൂട്ടരും പ്രതിപക്ഷത്തിന്റെ ശക്തിയെന്താണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് അവിശ്വാസ ചർച്ചയിൽ ഉണ്ടായത്. അംഗബലം കൊണ്ട് ഭരണപക്ഷം അവിശ്വാസത്തെ തോൽപിച്ചിട്ടുണ്ടാകം. പക്ഷേ, ഇവിടെ യഥാർത്ഥത്തിൽ ജയിച്ചത് പ്രതിപക്ഷമാണ്.
=============
 

Latest News