കൊൽക്കത്ത- ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ജീവൻ നഷ്ടപ്പെട്ട ജാദവ്പൂർ സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥി സ്വപ്നദീപ് കുണ്ടു എന്ന 18 കാരന്റെ മരണ കാരണം റാഗിംഗ്. മരിക്കുന്നതിന് മുമ്പ് താൻ സ്വവർഗ്ഗാനുരാഗിയല്ലെന്ന് വിദ്യാർഥി ആവർത്തിച്ച് പറഞ്ഞിരുന്നതായി പോലീസ് വെളിപ്പെടുത്തി.
മാരകമായ വീഴ്ചയ്ക്ക് മുമ്പ് സന്ദീപ് കുണ്ടു തന്റെ സഹപാഠികളോട് താൻ സ്വവർഗ്ഗാനുരാഗിയല്ലെന്ന് ആവർത്തിച്ചു പറഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്. ബാൽക്കണിയിൽ നിന്ന് വീണ മരിച്ച വിദ്യാർഥിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് ഒരു മുൻ വിദ്യാർത്ഥിയെ സൗരഭ്ചൗ ധരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതനായ ചൗധരി 2022ൽ ജാദവ്പൂർ സർവകലാശാലയിൽ ഗണിതശാസ്ത്രത്തിൽ എംഎസ്‌സി പൂർത്തിയാക്കിയിരുന്നുവെങ്കിലും സർവകലാശാല ഹോസ്റ്റലിൽ തുടരുകയായിരുന്നു.
ദുരന്തത്തിൽ കലാശിച്ച റാഗിംഗ് സംഭവത്തിൽ തനിക്ക് പങ്കുണ്ടെന്ന് സൗരഭ് ചൗധരി ചോദ്യം ചെയ്യലിൽ മ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗാളി ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ നാദിയ ജില്ലയിലെ ഹൻസ്ഖാലി സ്വദേശിയായ സ്വപ്നദീപ് കുണ്ടു ബുധനാഴ്ച അർധരാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണത്. വലിയ ശബ്ദം കേട്ട് വിദ്യാർഥികൾ ഓടിയെത്തിയപ്പോഴാണ് സ്വപ്‌നദീപിനെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കെപിസി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ നാലരയോടെ മരിച്ചു.