ജീവനില്‍ പേടി, ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍

ഹൈദരാബാദ്- ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ഹെല്‍മറ്റും ധരിച്ചുകൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്. കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴുമെന്ന ഭയത്തിലാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കുന്നത്.
അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയില്‍ വീഴാതിരിക്കാനാണ് ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കി. മഴക്കാലം തുടങ്ങിയത് മുതല്‍ ഹെല്‍മറ്റ് ധരിച്ചാണ് തങ്ങള്‍ ഓഫീസിലെത്തുന്നത്.
പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇത്രയും ഗുരുതരമായ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മേലധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഞങ്ങളുടെ മേല്‍ പതിക്കുന്നതെന്ന് അറിയാതെ പേടിച്ച് ജീവന്‍ കൈയില്‍ പിടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് ജീവനക്കാരിലൊരാള്‍ പറയുന്നു.

Latest News