മസ്‌കത്ത്-കുളിരു പെയ്യുന്ന ഖാരിഫ് സീസൺ ആസ്വദിക്കാൻ ഒമാനിൽ ടൂറിസ്റ്റുകളെ തിരക്ക്. ഒമാനിലെ ഖരീഫ് സീസൺ ആസ്വദിക്കാനായി ഇതുവരെ എത്തിയത് 3,96,108 പേരാണ്. ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ ആണ് കണക്ക് പുറത്തുവിട്ടത്.ഇതിൽ വിദേശ വിനോദസഞ്ചാരികൾക്ക് പുറമെ സ്വദേശികളും മറ്റ് ജി.സി.സി. സഞ്ചാരികളും ഉൾപ്പെടും.
കഴിഞ്ഞവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 12.8 ശതമാനമാണ് വർധന. ദോഫാറിലെ ഈറൻ കാലാവസ്ഥയും ഇടക്കിടെയുള്ള ചാറ്റൽമഴയും തണുത്തകാലാവസ്ഥയും അനുഭവപ്പെടുന്ന രണ്ടുമാസക്കാലമാണ് ഖരീഫ് സീസൺ എന്നറിയപ്പെടുന്നത്.ഈ കാലാവസ്ഥയിൽ ധാരാളം വിനോദസഞ്ചാരികൾ ദോഫാറിലെത്താറുണ്ട്. യു.എ.ഇ. ഉൾപ്പടെ വിവിധ ഗൾഫ് രാജ്യങ്ങൾ ഒമാനിലേക്ക് ടൂർ പാക്കേജുകളും വിമാനക്കമ്പനികൾ പ്രത്യേക വിമാനസർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.






