വിദ്വേഷ പ്രസംഗ കേസുകള്‍ പരിശോധിക്കാന്‍ സമിതിയെ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

ന്യൂദല്‍ഹി- രാജ്യത്തെ വിദ്വേഷ പ്രസംഗ കേസുകള്‍ പരിശോധിക്കാന്‍ സമിതിയെ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി. മാധ്യമ പ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുല്ല നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യയില്‍ നടക്കുന്ന റാലികളില്‍ ഒരു സമുദായത്തിലെ അംഗങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹീന്‍ അബ്ദുല്ല സുപ്രിം കോടതിയെ സമീപിച്ചത്. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. എം. നടരാജ് ഹാജരായി. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തേടാനും സമിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ആഗസ്ത് 18നകം അറിയിക്കാനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ഉത്തരവിട്ടു. 

ഹരിയാനയിലെ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ഹരജിക്കാരനോട് വീഡിയോ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് നോഡല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 

സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും ഐക്യവും ഉണ്ടാകണമെന്നും എല്ലാ സമുദായങ്ങള്‍ക്കും അത് ഉറപ്പിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി വിദ്വേഷ പ്രസംഗങ്ങള്‍ നല്ലതല്ലെന്നും ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

Latest News