ജീവിച്ചിരിക്കില്ലെന്നും നടക്കില്ലെന്നും പറഞ്ഞ ഡോക്ടർമാർക്കു മുന്നിലൂടെ നടന്നുകാണിക്കണമെന്നാണ് ലക്ഷ്മിയുടെ മോഹം. അതിനവൾക്ക് പ്രേരണയായത് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. എ.എ. ജോണാണ്.
എറണാകുളം ജില്ലയിലെ നെട്ടൂർ വടശ്ശേരിപറമ്പിൽ ലക്ഷമിക്കിത് അഭിമാനനിമിഷം. ജനിച്ചുവീണപ്പോൾ തന്നെ ഈ പെൺകുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതായിരുന്നു. വലിയ തലയും പിറകിലേയ്ക്ക് മടങ്ങിയ നിലയിലുള്ള കൈപ്പത്തികളും ഒട്ടിച്ചേർന്ന വിരലുകളുമായാണ് ശിവപ്രസാദിന്റെയും രജനിയുടെയും ആദ്യ കൺമണി ഈ ഭൂമിയിലേക്ക് പിറന്നുവീണത്. മാത്രമല്ല, ഭക്ഷണം കഴിക്കാനോ നടക്കാനോ ആവാതെ കാൽമുട്ടുകൾക്ക് ചിരട്ടയില്ലാതെ, സംസാരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ സെറിബ്രൾ പൾസിയുള്ള പെൺകുട്ടി. വിദഗ്ധ പരിശോധനയിൽ കുഞ്ഞിന് അൽപായുസ്സാണെന്നുള്ള ഡോക്ടർമാരുടെ വാക്കുകൾ കേട്ട് ആ മാതാപിതാക്കൾക്ക് സങ്കടപ്പെട്ടിരിക്കാനേ കഴിഞ്ഞിരുന്നുള്ളു.
എന്നാൽ ചരിത്രം വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജീവിച്ചിരിക്കില്ലെന്നു പറഞ്ഞ ആ പെൺകുട്ടി ഉയരങ്ങളിലേക്ക് കുതിക്കുകയാണിപ്പോൾ. ബിരുദ പരീക്ഷയിൽ റെക്കോർഡ് മാർക്കു നേടിയാണ് ലക്ഷ്മി തന്റെ ജൈത്രയാത്ര തുടങ്ങിയത്. എറണാകുളം മഹാരാജാസ് കോളേജിൽനിന്നും ബി.എ മലയാളം പരീക്ഷയിൽ ഈ മിടുക്കി കരസ്ഥമാക്കിയിരിക്കുന്നത് 3300 ൽ 3232 മാർക്ക്.
ജീവിച്ചിരിക്കില്ലെന്നും നടക്കില്ലെന്നും പറഞ്ഞ ഡോക്ടർമാർക്കു മുന്നിലൂടെ നടന്നുകാണിക്കണമെന്നാണ് ലക്ഷ്മിയുടെ മോഹം. അതിനവൾക്ക് പ്രേരണയായത് ദൈവതുല്യനായ മറ്റൊരു ഭിഷഗ്വരനാണ്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. എ.എ. ജോണാണ് ലക്ഷ്മിയെ ഇന്നത്തെ നിലയിലെത്തിച്ചത്. കൊച്ചിൻ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് ലക്ഷ്മിയുടെ മാതാപിതാക്കൾ ഡോക്ടറുടെ ഉപദേശം തേടുന്നത്. അതും ഒരു പത്രപരസ്യം കണ്ടതുവഴി. പരിശോധനയിൽ ചില വ്യായാമങ്ങൾ ഉപദേശിക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയയിലൂടെ രണ്ടു കാലുകളും നിവർത്തിവയ്ക്കാൻ കഴിഞ്ഞു. പഌസ്റ്റർ അഴിച്ചതിനുശേഷം പ്രത്യേക തരം ഷൂസുമിട്ടാണ് നടക്കാൻ ഉപദേശിച്ചത്. ഇടതും വലതുമായി രണ്ടുപേർ പിടിച്ചാണ് നടത്തിയത്. അതോടെ ലക്ഷ്മി പിച്ചവച്ചു തുടങ്ങുകയായിരുന്നു. ഏഴാം കഌസിലെത്തിയപ്പോഴേയ്ക്കും ആരെങ്കിലും പിടിച്ചുകൊടുത്താൽ കഌസിലേയ്ക്ക് നടന്നുകയറാമെന്ന അവസ്ഥയിലായി. അതോടെ പഠനം തുടരുകയായിരുന്നു.
ആശുപത്രിയിലെയും മരുന്നുകൾ മണക്കുന്ന വീട്ടിലെയും അന്തരീക്ഷത്തിൽനിന്നും മാറിനിൽക്കാനുള്ള ആഗ്രഹമായിരുന്നു പഠിക്കാൻ പ്രേരണയായത്. സമപ്രായക്കാർ ബാഗുകളുമെടുത്ത് സ്‌കൂളിലേയ്ക്കു പോകുന്നതുകാണുമ്പോൾ എനിക്കും കൊതി തോന്നി. ആഗ്രഹം അച്ഛനോടു പറഞ്ഞു. ഒടുവിൽ വീടിനടുത്ത നെട്ടൂർ എസ്.വി. യു.പി സ്‌കൂളിലെ പ്രാധാനാധ്യാപിക ജ്യോതി ജോർജ് പഠിപ്പിക്കാമെന്നേറ്റു. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
ഒന്നാം കഌസിൽ ചേരുന്നതിനുമുൻപുതന്നെ എഴുതാനും വായിക്കാനും പഠിച്ചിരുന്നു. ബി.ആർ.സിയിൽ നിന്നും പരിശീലകർ വീട്ടിലെത്തിയാണ് പഠിപ്പിച്ചത്. കൂടാതെ അടുത്ത വീടുകളിലെ ചേച്ചിമാർ വീട്ടിലെത്തി പഠിപ്പിക്കുമായിരുന്നു. ഒന്നിലും രണ്ടിലുമെല്ലാം കഌസിൽ ഒന്നാമതായി. മരട് ജി.ജി.വി. എച്ച്. എസിലായിരുന്നു ഹൈസ്‌കൂൾ പഠനം. സ്‌കൂളിലെത്തിയാൽ അധികനേരം ഇരിക്കാനാവില്ല. മാത്രമല്ല, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അലട്ടി. എങ്കിലും തൊണ്ണൂറ് ശതമാനം മാർക്ക് നേടിയതാണ് എസ്.എസ്.എൽ.സി പാസായത്. തുടർന്ന് തേവര സെക്രട്ട് ഹാർട്ട് സ്‌കൂളിൽ പ്‌ളസ് ടു കോമേഴ്‌സിന് ചേർന്നു. 1200 ൽ 902 മാർക്ക് നേടിയാണ് പ്‌ളസ് ടു വിജയിച്ചത്.
അധ്യാപകരുടെ നിസീമമായ സഹകരണമാണ് പഠനത്തിന് തുണയായത്. ഒന്നാം കഌസു മുതൽ ഏഴാം കഌസുവരെ ഒരേ കഌസിലിരുത്തിയാണ് അവർ പഠിപ്പിച്ചത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കഌസ് മുറികൾ തമ്മിലുള്ള ദൂരം ഇല്ലാതാക്കാനായിരുന്നു ഇത്. അച്ഛനും അമ്മയും എടുത്താണ് കഌസിലെത്തിച്ചിരുന്നത്. കൂടാതെ സ്ഥിരമായി ഒരു ഓട്ടോയും ഏർപ്പാടാക്കി. ലക്ഷ്മി പറയുന്നു.
കോവിഡ് കാലത്തായിരുന്നു മഹാരാജാസിൽ ഡിഗ്രി പഠനത്തിനായി അഡ്മിഷൻ ലഭിച്ചത്. ആദ്യവർഷം ഓൺലൈൻ കഌസായതിനാൽ വീട്ടിലിരുന്നാണ് പഠിച്ചത്. എന്നാൽ രണ്ടാംവർഷമായപ്പോൾ അവസ്ഥ മാറി. കഌസിൽ ചെല്ലണമെന്നായി. കാലുകൾക്ക് ബലക്കുറവുള്ളതിനാൽ പരസഹായമില്ലാതെ നടക്കാനാവില്ലായിരുന്നു. പോരാത്തതിന് അധികനേരം ഇരിക്കാനാവില്ലെന്ന അവസ്ഥയും. എല്ലാറ്റിലുമുപരി രോഗപ്രതിരോധശേഷി കുറവായിരുന്നതിനാൽ വിട്ടുമാറാത്ത ജലദോഷവും പനിയും. ഒടുവിൽ വീട്ടിലിരുന്ന് പഠിക്കാനുള്ള പ്രത്യേകാനുമതി കോളേജ് അധികൃതർ നൽകുകയായിരുന്നു. മഹാരാജാസിന്റെ പടികൾ ആദ്യമായി ചവിട്ടിക്കയറിയത് പരീക്ഷ എഴുതാൻ വേണ്ടി മാത്രമായിരുന്നു. കൂട്ടിന് സ്‌ക്രൈബുമുണ്ടായിരുന്നു. എഴുതാൻ കഴിയുമെങ്കിലും വേഗത കുറവായതിനാലാണ് സ്‌ക്രൈബിന്റെ സഹായം തേടിയത്.
സഹപാഠികളാണ് പഠനത്തിൽ ഏറെ സഹായിച്ചത്. കൂട്ടുകാരികളായ ലിജിയും ജസീലയും അനഘയും ഐശ്വര്യയും വീണയുമെല്ലാമായിരുന്നു അടുത്ത കൂട്ടുകാർ. ഇവരില്ലായിരുന്നെങ്കിൽ ഈ വിജയം അസാധ്യമായേനെ. ക്ലാസ് നടക്കുമ്പോൾ ഫോൺ ഓണാക്കി വെക്കും. വീട്ടിലിരുന്ന് ഫോണിലൂടെ കഌസുകൾ കേൾക്കും. അങ്ങനെയായിരുന്നു പഠനം- ലക്ഷ്മി ഓർക്കുന്നു.
തനിക്കുവേണ്ടി കളികൾ പോലും മാറ്റിവച്ച കൂട്ടുകാർ. ഓടിക്കളിക്കാനും ചാടിക്കളിക്കാനും തനിക്കു കഴിയില്ലല്ലോ എന്നോർത്ത് അത്തരം കളികളിൽനിന്നും പുറംതിരിഞ്ഞുനിന്നവർ. എന്നോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു അവർ. ഇന്റർവെല്ലിന് കാരംസ് ബോർഡുമായാണ് അവരെത്തുക. അവരോടൊപ്പം ഞാനും പങ്കാളിയാവും. വീട്ടിലും ഇളയച്ഛന്മാരുടെ മക്കളായിരുന്നു കൂട്ട്. എനിക്കുവേണ്ടി നോട്ട്‌സുകൾ എഴുതിനൽകിയതും അവരായിരുന്നു.
കോളേജിലും അധ്യാപകരായിരുന്നു ഏറെയും സഹായിച്ചത്. മലയാള വിഭാഗം മേധാവിയായിരുന്ന ഡോ. സുമി എസ്. ഓലിയപ്പുറവും അധ്യാപികയായ ഡോ. ധന്യ എസ്. പണിക്കരും ഏറെ സഹായിച്ചു. എന്തു സംശയവും വിളിച്ചു ചോദിക്കാനും അവ ദൂരീകരിച്ചു നൽകാനും അവർ മത്സരിച്ചു. അവരുടെ സഹായമാണ് ഈ വിജയത്തിനു കാരണമെന്ന് ലക്ഷ്മി പറയുന്നു.
ലക്ഷ്മിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് അച്ഛനും അമ്മയുമാണ്. കുട്ടിയായിരിക്കുമ്പോൾ അവൾ കമിഴ്ന്നു കിടന്നില്ല. നീന്തിയില്ല. മലർന്നുകിടന്ന് വെറുതെ നോക്കും. കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് ആറാം മാസത്തിലാണ് തിരിച്ചറിഞ്ഞത്. രണ്ടുവയസ്സുവരെ തീരെ വളർച്ച കുറവായിരുന്നു. പ്രതിരോധശേഷി കുറവായതിനാൽ ചുമയും കഫക്കെട്ടും ഛർദ്ദിയുമുണ്ടാകും. പലപ്പോഴും ആശുപത്രിവാസം വേണ്ടിവരും. ഇത്തരം വേദനകളെയെല്ലാം മറികടന്നാണ് ലക്ഷ്മി ഉയരങ്ങൾ കീഴടക്കിയിരിക്കുന്നത്. ഭാവിയിൽ ഒരു കോളേജ് ലക്ചററാവുക എന്നതാണ് ലക്ഷ്മിയുടെ സ്വപ്നം. ആ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു.