'സാറെ എന്നെ ഒന്ന് സഹായിക്കാമോ? അയാളോടൊന്നു സംസാരിക്കുമോ ? എന്റെ ഭർത്താവ് വീണ്ടും എന്നെ ദേഹോപദ്രവം ചെയ്ത് തുടങ്ങിയിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊട്ടിത്തെറിക്കുന്ന പ്രകൃതമാണിപ്പോൾ. ഒന്നും മിണ്ടിക്കൂടാത്ത അവസ്ഥയാണ്. ഒരു തമാശ പോലും പറഞുകൂടാ. മൂപ്പരെ കളിയാക്കുകയാണെന്നാണു കരുതുന്നത്. തെറി വിളിക്കുന്ന ശീലവുമുണ്ട്. ജീവനുള്ള ഒരു വസ്തുവിനു കിട്ടുന്ന ഒരു സാമാന്യ പരിഗണന പോലും എനിക്ക് കിട്ടുന്നില്ല. അടുത്ത് ചെല്ലാൻ ഇപ്പോൾ പേടിയാണ്. വിദ്യാ സമ്പന്നയും ഒരുകുട്ടിയുടെ മാതാവുമായ എന്റെ ഒരു വിദ്യാർത്ഥിനി അടുത്തിടെ എനിക്കയച്ച ഏതാനും സന്ദേശങ്ങളാണിത്.
മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ അയാളിൽ സംശയിക്കുന്നതായും കുറച്ച് നേരം അവളുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. പല വീടുകളിലും അടക്കിപ്പിടിച്ച ഇത്തരം വീർപ്പ്മുട്ടലുകളുമായി കഴിഞ്ഞുകൂടുന്നവരുടെ എണ്ണം ഏറി വരികയാണ്. ഇത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ മാതാപിതാക്കളിലെ പൊരുത്തമില്ലായ്മയിൽ
മനം നൊന്ത് ഏറെ യാതനകൾ സഹിക്കുന്നുണ്ട്. അവരുടെ പെരുമാറ്റങ്ങളിൽ കുടുംബകലഹങ്ങളുടെ ഫലമായി പലതരം വൈകല്യങ്ങളും പ്രകടമായി ത്തുടങ്ങുന്ന കാര്യം ഇത്തരം രക്ഷിതാക്കൾ അറിയാതെ പോകുന്നു.
സ്‌നേഹം, പരസ്പര വിശ്വാസം, നല്ല വിനിമയം, വിട്ടുവീഴ്ച തുടങ്ങി പല ഗുണങ്ങളും കുട്ടികൾ സ്വായത്തമാക്കുന്നത് സ്വന്തം മാതാപിതാക്കളിൽ നിന്നാണ്. വീട്ടിൽ സ്വസ്ഥത ലഭിക്കാത്ത കുട്ടികൾ അവർക്കേറെ ആവശ്യമുള്ള സ്‌നേഹവും വാൽസല്യവും തേടി വീടിനു പൂറത്തുള്ളവരിലേക്ക് പോകാൻ പ്രേരിപ്പിക്കപ്പെടും. അത്തരം ഗാർഹികാന്തരീക്ഷത്തിൽ നിന്നുള്ള കുട്ടികളാണ് പലപ്പോഴും ഒളിച്ചോടുന്നതും അപകടങ്ങളിൽ ചെന്ന് ചാടുന്നതും.
രക്ഷിതാക്കളുടെ അനുമതിയും അനുഗ്രഹാശിസ്സുകളുമില്ലാതെ പ്രണയം എന്ന ഓമനപ്പേരിൽ വീട് വിട്ടിറങ്ങിപ്പോയ കുട്ടികളിൽ അധികവും ഇരുപത്തിയൊന്ന് വയസ്സിനു താഴെ പ്രായമുള്ളവരാണ്. പലരും മാതാപിതാക്കൾ തമ്മിൽ പൊരുത്തമില്ലാത്ത, ദിനേന കലഹം കൂടുന്ന വീടുകളിൽ നിന്നുള്ളവരാണെന്നു കാണാം. ഇത്തരം കുട്ടികൾ തികച്ചും വിവേകമില്ലാതെ, പെട്ടന്നുണ്ടാകുന്ന അഭിനിവേശത്തിനു പുറത്ത് എടുത്ത് ചാടി പ്രേമത്തിലാവുന്നത്, സ്വഭാവ ശുദ്ധിയധികമില്ലാത്ത സമാന പ്രായക്കാരോ പ്രായത്തിൽ ഏറെ കൂടുതലുള്ള ആളുകളുമോ ആയിട്ടാവും. അവരിലെ ദുശ്ശീലങ്ങളും സാമൂഹ്യ ദ്രോഹ പ്രവണതകളും തിരിച്ചറിയാൻ അധിക സമയമൊന്നും വേണ്ടി വരില്ല .അപ്പോഴേക്കും ചിലപ്പോൾ ഗർഭധാരണം നടന്നിരിക്കും. അല്ലെങ്കിൽ പ്രസവം കഴിഞ്ഞിരിക്കും. ആദ്യകാല അനുരാഗവും ആവേശവും ക്രമേണ കെട്ടടങ്ങും. പരസ്പരം വൈരവും പ്രതികാരവും കലഹവും അവർക്കിടയിൽ സാധാരണമാവും.
പഠനം പൂർത്തിയാവുന്നതിനു മുൻപേയാണു ഇത്തരം കുട്ടികൾ വീട്ടുകാരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വകവെക്കാതെ ഒളിച്ചോടി പോവുന്നത്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴേക്കും പല ഒളിച്ചോട്ടക്കാരും ദുരിതങ്ങളുടെ കണ്ണീർക്കയത്തിൽ അകപ്പെട്ട് ജീവിതം തുലഞ്ഞു പോയ കഥകളാണു നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്.
അടുത്തിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പങ്ക് വെച്ച കഥ ഏറെ സ്മരണീയമാണ്. അവർ പി. എസ്. സി കിട്ടി ജോലിയിൽ പ്രവേശിച്ച സ്റ്റേഷനിൽ സുമുഖിയായ ഒരു കൗമാരക്കാരിയും അമ്മയും എത്തിയ കഥയാണവർ പറഞ്ഞത്. മാതാവിന്റെ സ്‌നേഹലാളനകളും അഭ്യർത്ഥനയും ഒട്ടും മാനിക്കാതെ ഒരു ചെറുപ്പക്കാരനുമായി പ്ലസ് ടു കാരിയായ മകൾ പ്രേമത്തിലാവുകയും അവന്റെ കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു അവർ രണ്ട്‌പേരും സ്റ്റേഷനിലെത്തിയത്. ചെറുപ്പക്കാരനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആൾ മയക്ക് മരുന്ന് വിൽപനക്കാരനാണെന്നും അവൾക്കിണങ്ങിയവനല്ലെന്നും മനസ്സിലാക്കിയ അമ്മ പല തവണ ആ കുട്ടിയെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അതൊന്നും വകവെക്കാതെ, താനുമായി പ്രണയത്തിലായതിനു ശേഷം അത്തരം ദുശ്ശീലങ്ങളൊന്നും അയാൾക്കില്ലെന്നും അയാൾ നല്ലയാളാണെന്നും പറഞ്ഞ് ആ പെൺകുട്ടി അമ്മയെ ഒട്ടും അനുസരിക്കാതെ അയാളുടെ കൂടെ പോവുകയായിരുന്നു.
വർഷങ്ങൾ ഒന്നു രണ്ടു കഴിഞ്ഞു. ഈ പോലീസ് ഓഫീസർ തൊട്ടടുത്തുള്ള സ്റ്റേഷനിൽ ട്രാൻസ്ഫറായി എത്തി. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവശയായ ഒരു സ്ത്രീ ഒരു കൈക്കുഞ്ഞിനെയുമേന്തി സ്റ്റേഷനിലെത്തി. അത്രയൊന്നും പ്രായമില്ലാത്ത ആ സ്ത്രീ ഇതേ പോലീസ് ഓഫീസറെ കണ്ടതും അലമുറയിട്ട് കരഞ്ഞ് അവരുടെ അടുത്തേക്ക് ഓടിയെത്തി. മിസ്സേ അന്ന് അമ്മയും ഞാനും ആ സ്റ്റേഷനിൽ വന്നപ്പോൾ നിങ്ങൾ അവിടെയുണ്ടായിരുന്നു. എന്നെ ഓർമ്മയുണ്ടോ? ആകെ ക്ഷീണിച്ച് കരുവാളിച്ച് എല്ലും തോലുമായി മാറിയ ആ രൂപത്തിലേക്ക് വനിതാ പോലീസ് സൂക്ഷിച്ച് നോക്കിയപ്പോഴാണത്രെ കൈകുഞ്ഞുമായി വന്നിരിക്കുന്നത് അന്ന് ആ സ്റ്റേഷനിൽ നിന്നും അമ്മയുടെ വാക്കുകൾ വിലവെക്കാതെ മയക്ക് മരുന്ന് വിൽപനക്കാരനായ ചെറുപ്പക്കാരനോടൊപ്പം ഇറങ്ങിപ്പോയ സുന്ദരിയായ പെൺകുട്ടിയാണതെന്നു തിരിച്ചറിഞ്ഞത്.
സംഭവിച്ച ബുദ്ധിമോശം ഏറെ സങ്കടത്തോടെ ഏറ്റ് പറഞ്ഞ് അവൾ ഉടു വസ്ത്രം ഉയർത്തി വനിതാപോലീസിനു കാട്ടിക്കൊടുത്തു. അവളുടെ പ്രാണപ്രിയനായിരുന്ന തെമ്മാടി ലഹരിക്കടിപ്പെട്ട് എരിയുന്ന സിഗരറ്റ് വെച്ച് തുടകളും വയറും പൊള്ളിച്ചതിന്റെ പാടുകളും മർദ്ദിച്ചു മുറിവേൽപിച്ചതിന്റെ അടയാളങ്ങളുമായിരുന്നത്രെ അവർ കണ്ടത്.
രണ്ട് ആത്മാക്കളെ എന്നെന്നേക്കുമായി ബന്ധിപ്പിക്കുന്ന വിശുദ്ധമായ ബന്ധമാണ് വിവാഹം. അതിനാൽ തന്നെ ഒളിച്ചോട്ടത്തിലൂടെയും വഴിവിട്ട രീതികളിലൂടെയും സഫലമാക്കേണ്ട ഒന്നല്ല അത്. ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും പരിശുദ്ധവും അതോടൊപ്പം സങ്കീർണവുമായ ബന്ധങ്ങളിൽ ഒന്നാണത്.
രണ്ട് വേറിട്ട വ്യക്തിത്വങ്ങൾ ഒരുമിച്ച് ചേരുമ്പോൾ, അഭിപ്രായ ഭിന്നതകളും പിണക്കവുമെല്ലാം സ്വാഭാവികമാണ്. പരസ്പര സ്‌നേഹവും ആദരവും കാരുണ്യവും ആനന്ദദായകമായ വിവാഹ ബന്ധത്തിലെ പ്രധാന ഘടകങ്ങളാണ്.അതിനാൽ തന്നെ വിജയകരമായ ദാമ്പത്യജീവിതത്തിനു ഇരുവശത്തുനിന്നും യോജിച്ച പ്രവർത്തനവും സഹകരണവും ആവശ്യമാണ്.
ഇണകൾക്കിടയിൽ സശ്രദ്ധം കേൾക്കൽ, സഹാനുഭൂതി,തിരിച്ചറിവ്, പരസ്പരവിശ്വാസം, കാരുണ്യം, ഒരുമിച്ച് കൈകൊണ്ട അതിരുകൾ , അരുതായ്മകളെ കുറിച്ചുള്ള അവബോധം, ടീം വർക്ക്, സ്ഥിരത എന്നിവ ഒഴിച്ചു കൂടാനാവത്തതാണ്.
നല്ല ദാമ്പത്യം നിലനിർത്താൻ മാന്ത്രിക മരുന്ന് ആവശ്യമില്ല, എന്നാൽ അതിന് വേണ്ടത് വിട്ടുവീഴ്ചയും രണ്ട് പങ്കാളികളിൽ നിന്നും കുറച്ച് സഹകരണവും മാത്രമാണ്. ഈ രീതിയിൽ മാത്രമേ ബന്ധം ശാശ്വതമായി നിലനിൽക്കൂ. വിശ്വസിക്കാൻ കഴിയാത്ത നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പലപ്പോഴും വിവാഹങ്ങൾ വിവാഹമോചനത്തിലേക്ക് എത്തുന്നു എന്നത് വളരെ സാർവത്രികമായികൊണ്ടിരിക്കുന്നു.
ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് മൂല്യബോധം പകരുന്ന തരത്തിലുള്ള തുറന്ന് സംസാരവും സമയാ സമയങ്ങളിൽ മാതാപിതാക്കളുടെയും അധ്യാപികരുടെയും സ്‌നേഹമസ്രണമായ ഇടപെടലും ജീവിത നൈപുണികളിലുള്ള ഫലപ്രദമായ പരിശീലനവും കൊണ്ട് മാത്രമേ ഇത്തരം മഹാബദ്ധങ്ങളിൽ ചെന്ന് ചാടുന്നതിൽ നിന്നു നമ്മുടെ ഇളം തലമുറയെ രക്ഷിക്കാനാവൂ.






