Sorry, you need to enable JavaScript to visit this website.

അസദിന്റെ പതനം തടയാൻ ഇറാൻ  ചെലവഴിച്ചത് 5,000 കോടി ഡോളർ

ജിദ്ദ - ഒരു ദശകത്തിലേറെ മുമ്പ് അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ട അറബ് വസന്തം എന്ന പേരിൽ അറിയപ്പെട്ട സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിൽ സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദിന്റെ പതനം തടയാൻ ഇറാൻ ഭരണകൂടം 5,000 കോടി ഡോളർ ചെലവഴിച്ചതായി ഇതുമായി ബന്ധപ്പെട്ട സർക്കാർ രഹസ്യ രേഖ വ്യക്തമാക്കുന്നു. ഇറാൻ പ്രസിഡൻസി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇറാൻ പ്രതിപക്ഷമാണ് രഹസ്യ രേഖ ചോർത്തിയത്. 
ബശാർ അൽഅസദിന്റെ പതനം തടയാൻ ചെലവഴിച്ച പണം കടമായാണ് ഇറാൻ പരിഗണിക്കുന്നത്. ഫോസ്‌ഫേറ്റും എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും വഴി ഈ തുക തിരികെ വസൂലാക്കാൻ ഇറാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാനും സിറിയൻ ഗവൺമെന്റും തമ്മിലുണ്ടാക്കിയ കരാറുകൾ പ്രകാരം 1,800 കോടി ഡോളർ മാത്രമാണ് ഇറാന് തിരികെ ലഭിക്കുക. 
2011 മാർച്ച് 15 ന് ആണ് സിറിയയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നയതന്ത്ര, സൈനിക തലങ്ങളിൽ ഇറാനും റഷ്യയും നൽകിയ നിർലോഭ പിന്തുണയിലൂടെ ജനകീയ പ്രക്ഷോഭത്തെ ബശാർ അൽഅസദ് ഭരണകൂടം രക്തത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. വൈദേശിക ശക്തികളുമായി ചേർന്ന് സ്വന്തം ജനതയെ കൂട്ടുക്കുരുതി നടത്തുന്നതിൽ പ്രതിഷേധിച്ചാണ് അറബ് രാജ്യങ്ങൾ സിറിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും സിറിയയെ അറബ് ലീഗിൽ നിന്ന് പുറത്താക്കുകയും ചെയ്തത്. സമീപ കാലത്ത് സൗദി അറേബ്യയും യു.എ.ഇയും അടക്കം ഏതാനും രാജ്യങ്ങൾ സിറിയയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. മൂന്നു ലക്ഷത്തിലേറെ സാധാരണക്കാർ അടക്കം ആറു ലക്ഷത്തിലേറെ പേർ സിറിയൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. 

Latest News