ഒരു മെസേജിംഗ് പ്ലാറ്റ്‌ഫോം എന്നതിനപ്പുറം ഗൂഗിൾ മീറ്റ് പോലെയും സൂം പോലെയും വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോം എന്ന വിശാലമായ രീതിയിലേക്ക് മാറാനൊരുങ്ങുകയാണ് വാട്‌സ്ആപ്. ഓരോ ദിവസവും പുതിയ ഫീച്ചറുകളുമായാണ് വാട്‌സ്ആപ് എത്തുന്നത്. കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനകീയ പ്ലാറ്റ്‌ഫോം എന്ന നിലയിൽ വാട്‌സ്ആപിന്റെ മാറ്റങ്ങൾ ഗൂഗിൾ മീറ്റിനും സൂമിനുമെല്ലാം ഭീഷണി ഉയർത്തുകയാണ്. ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്. വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ ഷെയർ ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വന്നിരിക്കുന്നത്. അതായത് വീഡിയോ കോൾ വിളിക്കുന്നതിനിടയിൽ തന്നെ മൊബൈലിലെ സ്‌ക്രീനുകളും ഷെയർ ചെയ്യാൻ സാധിക്കും. വിവിധ മീറ്റിംഗുകൾക്കും കമ്പനി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ട് ഗൂഗിൾ മീറ്റിനെയും സൂമിനെയും പോലെ ഫലപ്രദമായ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ് മാറാൻ പോകുകയാണ്. സ്‌ക്രീൻ ഷെറയിംഗ് സാധ്യമല്ലെന്നതായിരുന്നു വാട്‌സ്ആപ് വീഡിയോ കോളിന്റെ ഏറ്റവും വലിയ ന്യൂനത. ഇപ്പോൾ അതും പരിഹരിക്കപ്പെട്ടു കഴിഞ്ഞു.
ഓരോ അപഡേറ്റിലും നിരവധി പ്രത്യേകതകൾ കൊണ്ടുവരാൻ കഴിയുന്നുവെന്നതാണ് വാട്‌സ്ആപിനെ കൂടുതൽ ജനകീയമാക്കുന്നത്. 32 ആളുകൾവരെയുള്ള ഗ്രൂപ്പുകളിൽ ഒരേ സമയം ആക്ടീവായി സംസാരിക്കാൻ കഴിയുന്ന വോയ്‌സ് ചാറ്റ് ഫീച്ചർ വാട്‌സ്ആപ് അവതരിപ്പിക്കാൻ പോകുകയാണ്. ഈ ഫീച്ചർ ഇതിനകം തന്നെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിൽ വന്നിട്ടുണ്ട്. ആൻഡ്രോയിഡിനുള്ള ബീറ്റ അപ്‌ഡേറ്റിലാണ് കമ്പനി ഈ ഫീച്ചർ നൽകുന്നത്. വാട്‌സ്ആപ് ചാറ്റിൽ ചെറുവീഡിയോകൾ അയക്കാൻ സാധിക്കുന്ന ഇൻസ്റ്റന്റ് വീഡിയോ ഫീച്ചർ ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിരുന്നു. ഇത്തരത്തിൽ അടുത്ത കാലത്തായി പുത്തൻ ആശയങ്ങളുമായി എത്തുന്ന വാട്‌സ്ആപിന് ഇനിയും ഏറെ മുന്നേറാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.