സിനിമയിലെ വനിതാ കൂട്ടായ്മയെ  പരിഹസിച്ച് മംമ്താ മോഹന്‍ദാസ് 

സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ലഘൂകരിച്ചും ഡബ്ല്യുസിസിയെ തള്ളിയും നടി മംമ്താ മോഹന്‍ദാസ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നും ആണ് മംമ്തയുടെ കണ്ടെത്തല്‍ . നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നു.
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. കാലങ്ങളായി ഉള്ളതാണ്. അത് നേരത്തെ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന വഷളായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത പറയുന്നു. 
മകളെ സംരക്ഷിക്കുന്നതിന് പകരം അമ്മ മകനെ സംരക്ഷിക്കുന്നു എന്നൊക്കെ വായിച്ചപ്പോള്‍ എനിക്ക് അതൊക്കെ തമാശയ്ക്ക് തുല്യമായിട്ടാണ് തോന്നിയത്. ഒന്നാമതായി അത് പക്ഷപാതപൂര്‍ണമാണ്. രണ്ടാമതായി വായിക്കുന്ന ഒരാളെ പ്രകോപിപ്പിക്കുന്നതാണ്. ഒരു വിഭാഗം ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതും മറുവിഭാഗത്തെ സുഖിപ്പിക്കുന്നതുമാണത്. മാധ്യമങ്ങളും വായനക്കാരുടെ മനസ്സിനെ വെച്ചാണ് കളിക്കുന്നത്. മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാതെ ആളുകള്‍ വിധിനിര്‍ണയം നടത്തുകയാണ്. ഒരു നടിയും നടനും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സെന്‍സേഷണലിസും അല്‍പ്പം കൂടും. ഇന്‍ഡസ്ട്രിയുടെ ഹൃദയം തുരക്കുന്ന പോലാണിത്, ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ നേര്‍പകുതിയായി മുറിച്ചുമാറ്റുകയാണ്. അത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിരാശാജനകമാണ്'  മംമ്ത പറഞ്ഞു.
'കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, സെല്‍ഫ് അവെയര്‍ ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തയായ നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്നു, സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്ന്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. എനിക്ക് തോന്നുന്നു ആവറേജ് ലുക്കിങ് (ശരാശരി ഭംഗിയുള്ള) സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, റിലേഷന്‍ഷിപ്പുകളിലും പ്രൊഫഷനിലുമെല്ലാം. അവര്‍ യഥാര്‍ത്ഥത്തില്‍ നന്നായി ജീവിക്കുന്നു' മംമ്ത പറഞ്ഞു.


 

Latest News