തബൂക്ക് - നഗരത്തിലെ മദീന റോഡിൽ ഇൻഡസ്ട്രിയൽ ഏരിയക്കു സമീപം നിർമാണത്തിലുള്ള കെട്ടിടത്തിൽ കെട്ടുതാങ്ങിയിൽ നിന്ന് വീണ് ഏഷ്യൻ വംശജനായ തൊഴിലാളിക്ക് ദാരുണാന്ത്യം. കെട്ടിടത്തിന് പുറത്ത് കെട്ടുതാങ്ങിയിൽ നിന്ന് തേപ്പ് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി നിലംപതിച്ചത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ സുരക്ഷാ വകുപ്പുകളും സിവിൽ ഡിഫൻസും റെഡ് ക്രസന്റും കുതിച്ചെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു.