ന്യൂഡൽഹി - മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ നിങ്ങൾ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരത മാതാവിനെയാണ് നിങ്ങൾ ഇല്ലാതാക്കിയതെന്നും ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ രാഹുൽ വ്യക്തമാക്കി.
ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്നു പറഞ്ഞായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്. ഇതോടെ ഭരണകക്ഷി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ബി.ജെ.പി അംഗങ്ങൾ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുഴക്കിയായിരുന്നു ബഹളം തുടങ്ങിയത്.
റൂമിയെ ഉദ്ധരിച്ചായിരുന്നു രാഹുൽ സംസാരം തുടങ്ങിയത്:
'ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും. ഇന്ന് നിങ്ങൾ ഭയക്കേണ്ടതില്ല, ഞാൻ അദാനിയെക്കുറിച്ചല്ല പറയുക. രാജ്യത്തെ അറിഞ്ഞുള്ള എന്റെ യാത്ര അവസാനിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഞാൻ യാത്ര ചെയ്തു. കശ്മീർ വരെ സഞ്ചരിച്ചു. യാത്രയുടെ ലക്ഷ്യം പലരും ചോദിച്ചു. എന്റെ യാത്ര ഇനിയും തുടരും. ഭാരത് ജോഡോ യാത്രയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും. .
ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടി, മോഡിയുടെ ജയിലിൽ പോകാനും ഞാൻ തയ്യാറാണെന്ന് രാഹുൽ പ്രഖ്യാപിച്ചു. പത്തുവർഷമായി ബി.ജെ.പി സർക്കാർ എന്നെ ഉപദ്രവിക്കുന്നു. അപകീർത്തിപ്പെടുത്തുന്നു. കുറച്ചുദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയി. അവിടെ ക്യാംപുകളിൽ പോയി ഞാൻ സ്ത്രീകളോട് സംസാരിച്ചു. അവർ പറഞ്ഞതൊക്കെ കേട്ടു. കുട്ടികളോട് സംസാരിച്ചു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ. മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നുവീഴുകയായിരുന്നു.
ബി.ജെ.പി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. വെറുപ്പിന്റെ ശബ്ദമാണ് ബി.ജെ.പി പടർത്തുന്നത്. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവണനെപ്പോലെയാണെന്നും രാഹുൽ ആരോപിച്ചു. മോഡി കേൾക്കുന്നത് ഭാരതത്തെയല്ല, അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ്. രാവണനും അങ്ങനെയായിരുന്നു, രണ്ടു പേരെ മാത്രമാണ് രാവണൻ കേട്ടത്. വിഭീഷണനെയും മേഘനാദനെയും മാത്രം. മോഡി ഇന്ത്യൻ ജനതയുടെ ശബ്ദം കേൾക്കണം. ബി.ജെ.പി നടത്തുന്നത് രാജ്യദ്രോഹമാണെന്നും മണിപ്പൂരിൽ കേന്ദ്രം രാജ്യത്തെ കൊന്നുവെന്നും രാഹുൽ അടിവരയിട്ട് ചൂണ്ടിക്കാട്ടി. മോഡി പരാമർശത്തിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനുശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് പാർമെന്റിൽ സംസാരിച്ചത്.






