ന്യൂദൽഹി- കേന്ദ്ര സർക്കാറിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോഡിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായും മണിപ്പൂരിൽ പ്രത്യേകിച്ചും നടത്തിയ യാത്രയുടെ അനുഭവത്തിലാണ് പ്രസംഗിക്കുന്നത് എന്ന് പറഞ്ഞായിരുന്നു രാഹുൽ തുടങ്ങിയത്.
മോഡിയുടെ ഇന്ത്യയിൽ മണിപ്പൂരില്ല. മോഡി ഇപ്പോഴും മണിപ്പൂരിൽ വന്നിട്ടില്ല. കാരണം മോഡിയുടെ ഇന്ത്യയിൽ മണിപ്പൂരില്ല. നിങ്ങൾ മണിപ്പൂരിനെ രണ്ടായി പിളർത്തി. മണിപ്പൂർ എന്ന സംസ്ഥാനത്തെ തകർത്തു. മണിപ്പൂരിൽ മോഡിയും സംഘവും ഇന്ത്യയെ കൊലപ്പെടുത്തി. അവരുടെ രാഷ്ട്രീയം ഹിന്ദുസ്ഥാനെ കൊന്നുവെന്നും രാഹുൽ ആരോപിച്ചു.
ഭാരത് ജോഡോ യാത്രയിലൂടെ എനിക്ക് ഇന്ത്യയെ കൂടുതൽ മനസിലാക്കാനായി. 'ഭാരതം ഒരു വ്യക്തിയാണ്, നിങ്ങൾ ഈ ശബ്ദം കേൾക്കണമെങ്കിൽ നിങ്ങളിൽനിന്ന് വിദ്വേഷവും അഹങ്കാരവും ഇല്ലാതാകണമെന്നും രാഹുൽ പറഞ്ഞു.
തന്നെ എം.പിയായി തിരിച്ചെടുത്തതിന് സ്പീക്കർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
'ഇന്ന് ഞാൻ കടുത്ത ആക്രമണം നടത്തില്ല. ഇന്ന് ഞാൻ സംസാരിക്കുന്നത് മനസ്സിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് എന്നും രാഹുൽ പറഞ്ഞിരുന്നു.