ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ്

പാലക്കാട്- ഒന്നരവര്‍ഷം മുമ്പ് മരിച്ച വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ചതില്‍ പിഴവ് സമ്മതിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രഷന്‍ നമ്പറില്‍ ഒരക്കം മാറി പോയതാണ് കാരണമെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജയേഷ് കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി.
പാലക്കാട് സ്വദേശി വിനോദിനായിരുന്നു ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛന്‍ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചത്. പിതാവിന്റെ ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എ ഐ ക്യാമറ കണ്ടെത്തിയത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛന്‍ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു.പാലക്കാട് കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരന്‍ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. പിന്‍സീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്.

Latest News