- വൈകിയത് ലേബർ ക്ലിയറൻസ് ലഭിക്കാത്തതിനാൽ
ദമാം- രണ്ടു മാസം മുമ്പ് ദമാമിലെ സഫ്‌വയിൽ പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ച കൊല്ലം കാവനാട് നിർമല ഭവൻ ആന്റണി ആൽബർട്ടിന്റെ (58) മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ടു മാസമായി ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
കമ്പനിയിൽ നിന്നും സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകിയതും, മരണം സംഭവിച്ചത് റോഡരികിൽ ആയതിനാലുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കാലതാമസം നേരിട്ടത്. സേവനാനന്തര ആനുകൂല്യങ്ങളും മറ്റും രണ്ടാഴ്ചക്കു മുമ്പ് മാത്രമാണ് കമ്പനി ഇന്ത്യൻ എംബസിക്കു കൈമാറിയത്. ഇതേ തുടർന്നാണ് പോസ്റ്റുമോർട്ടം ഒഴിവാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് എംബസി അനുമതി പത്രം നൽകിയത്. ഇത് സൗദി പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിനു കൈമാറുകയും ചെയ്തു. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പോസ്റ്റുമോർട്ടം ഒഴിവാക്കാനായത്. കഴിഞ്ഞ ദിവസമാണ് സങ്കീർണമായ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായത്. ഗവർണറേറ്റിൽ നിന്നും ഞായറാഴ്ചയായിരിക്കും അന്തിമ രേഖ ലഭിക്കുക.
അൽകോബാറിലെ സ്വകാര്യ കമ്പനിയിൽ വെൽഡറായിരുന്ന ആന്റണി കഴിഞ്ഞ മെയ് 22 നാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനു നാസ് വക്കത്തിന് ആന്റണിയുടെ കുടുംബം അധികാര പത്രം നൽകിയെങ്കിലും തുടക്കത്തിൽ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ നിസ്സഹകരണം നടപടികൾ വൈകാനിടയാക്കി. ഇദ്ദേഹത്തിന്റെ 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സേവന ആനുകൂല്യങ്ങളും കമ്പനി നൽകാത്തതിനാൽ ഇന്ത്യൻ എംബസിയിൽ നിന്നും എൻ.ഒ.സി നൽകാൻ തയാറായില്ല. വിദേശത്ത് മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനു മുമ്പ് സ്‌പോൺസറിൽ നിന്നും എല്ലാ ബാധ്യതകളും തീർത്തു കൊണ്ടുള്ള ക്ലിയറൻസ് നൽകിയാലേ ഇന്ത്യൻ എംബസിയിൽ നിന്നും എൻ.ഒ.സി ലഭിക്കുകയുള്ളൂ. ആന്റണിയുടെ സഹോദരൻ റജിമോൻ ഇത് സംബന്ധിച്ച് കൂടുതൽ ഇടപെടൽ നടത്തുകയും കമ്പനിയിൽ സമ്മർദം ചെലുത്തുകയും ചെയ്തതോടെ ഏകദേശം എൺപതിനായിരം റിയാലിന്റെ ചെക്ക് കമ്പനി ഇന്ത്യൻ എംബസിയിൽ നൽകി. തുടർന്ന് എംബസി എൻ.ഒ.സി നൽകിയെങ്കിലും ആന്റണിയുടെ മരണം റോഡിൽ കുഴഞ്ഞു വീണായതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം നാട്ടിലേക്കയക്കാൻ കഴിയില്ലെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിന്റെ ഫയൽ ബന്ധപ്പെട്ട വകുപ്പിന് വിടുകയും ചെയ്തു. എന്നാൽ കുടുംബത്തിന്റെ അപേക്ഷയും സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലും കണക്കിലെടുത്ത് പോസ്റ്റ്മോർട്ടം ഒഴിവാക്കി നിയാബയിൽ നിന്നും ഫയൽ പോലീസിലേക്കയച്ചു.
പക്ഷേ നിയമ പ്രശ്‌നങ്ങൾ പിന്നെയുമുണ്ടായി. കമ്പനി അധികൃതർ ആന്റണിക്ക് നൽകേണ്ട ആനുകൂല്യങ്ങളുടെ ചെക്ക് ഇന്ത്യൻ എംബസിയിൽ നൽകിയെങ്കിലും ലേബർ ഓഫീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി നൽകിയിരുന്നില്ല. ലേബർ ക്ലിയറൻസ് ശരിയാകുന്നതോടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്ന് നാസ് വക്കം പറഞ്ഞു. ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ആന്റണിയെ അവസാനമായി ഒന്നു കാണാൻ നാട്ടിൽ കാത്തിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്കയക്കുന്നത് വൈകുന്നത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, നോർക്ക, ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് എന്നിവർക്ക് ആന്റണിയുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. അവധിക്കു നാട്ടിലെത്താൻ ഒരാഴ്ച ബാക്കിയിരിക്കെയാണ് ആന്റണി ആൽബർട്ടിന്റെ മരണം.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തതാണെന്ന് നാസ് വക്കം പറഞ്ഞു. ഇത്തരം കാര്യങ്ങളുടെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത ചിലരാണ് ഇതിനു പിന്നിൽ. നടപടിക്രമങ്ങളുടെ പുരോഗതി അപ്പപ്പോൾ കൃത്യമായി ആന്റണിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
(ഖിദ്ർ മുഹമ്മദിന്റെ റിപ്പോർട്ടോടെ).






