ദുബായ്- മലയാളിയായ മുങ്ങൽ വിദഗ്ധനെ ഫുജൈറ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് (32) കാണാതായത്. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത്. 10 വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന അതിസാഹസിക ജോലിയിൽ സൂപ്പർവൈസറായിരുന്നു അനിൽ. ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ട് അനിൽ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനു ശേഷവും അനിൽ മുകളിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിൽ കപ്പൽ അധികൃതർ ഫുജൈറ പോലീസിന്റെ സഹായം തേടി. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പോലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് തിരിച്ചിൽ ആരംഭിച്ചു. ഭാര്യ ടെസിയോടും 4 വയസ്സുകാരി മകൾക്കുമൊപ്പം അനിൽ ഫുജൈറയിലാണ് താമസിക്കുന്നത്.






