പുഴയിലേക്ക് വീണ കാറില്‍ നിന്ന് യുവാവിനെയും മകളെയും രക്ഷപ്പെടുത്തി 

ഇന്‍ഡോര്‍- പുഴയിലേയ്ക്ക് വീണ കാറിലെ ആളുകളെ രക്ഷപ്പെടുത്തിയ യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സിംറോളിയില്‍ ഇന്നലെയാണ് സംഭവം. 
ഒരു ചുവന്ന നിറമുള്ള കാര്‍ പാറയുടെ മുകളില്‍ നിന്ന് പുഴയിലേയ്ക്ക് വീഴാറായി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. നിലവിളി ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയുന്നു. പെട്ടെന്ന് വെള്ളത്തിലേയ്ക്ക് കാര്‍ വീഴുകയും ഒരു പെണ്‍കുട്ടി വെള്ളത്തിലേയ്ക്ക് തെറിച്ച് വീഴുകയും ചെയ്യുന്നു. ഇതുകണ്ട് നിന്ന ഒരു യുവാവ് ഉടനെ വെള്ളത്തിലേയ്ക്ക് ചാടി ആ പെണ്‍കുട്ടിയെ രക്ഷിക്കുന്നു. ഈ സമയം അവിടെ കൂടിനിന്നവര്‍ കാറിലുള്ള യുവാവിനെയും രക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. കാര്‍ പുഴയിലേയ്ക്ക് മുങ്ങുന്നതിന് മുന്‍പ് ചുറ്റുമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഒരു യുവാവും അയാളുടെ 13വയസുള്ള മകളുമാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവാവും മകളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് സൂപ്രണ്ട് സുനില്‍ മേത്ത പറഞ്ഞു. കാര്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നെന്നും അതിനാലാണ് കാര്‍ പുഴയില്‍ വീണതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News