ഹിരോഷിമ - നടുക്കുന്ന ഓർമകൾ 

ഹിരോഷിമ സംഭവത്തിനു ശേഷം ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഭരണകൂടം സൃഷ്ടിക്കണമെന്ന് നയരൂപീകരണക്കാരെ പ്രേരിപ്പിക്കാനാണ് ഹൈമർ തന്റെ പിൽക്കാലം ചെലവഴിച്ചത്. എന്നാൽ അതൊന്നും വിജയിച്ചില്ല എന്നതാണല്ലോ ലോകചരിത്രം. തീർച്ചയായും പിന്നീട് ഒരു രാജ്യവും അണുവായുധം പ്രയോഗിച്ചിട്ടില്ല. എന്നാൽ ലോകത്തെ എത്രയോ തവണ നശിപ്പിക്കാനുള്ള അണുവായുധങ്ങളാണ് ആണവ രാജ്യങ്ങളുടെ ആയുധപ്പുരകളിൽ കാത്തിരിക്കുന്നത്. ഇനിയുമൊരു ആണവ യുദ്ധമുണ്ടായാൽ വിജയിക്കാൻ ആരും അവശേഷിക്കില്ല എന്ന ഭയമാണ് ആദ്യം തങ്ങൾ അണുബോംബ് പ്രയോഗിക്കില്ല എന്നു പല രാജ്യങ്ങളേയും കൊണ്ട് പറയിച്ചത്. 

 

മനുഷ്യ രാശിയുടെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിച്ച, വേദനിപ്പിച്ച ഹിരോഷിമ ദിനത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോയിരിക്കുന്നു. അടുത്ത ദിനം നാഗസാകിയുടെ വാർഷികമാണ്. ശാസ്ത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചുള്ള അപദാനങ്ങൾ എങ്ങും മുഴങ്ങുമ്പോഴാണ് ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ എന്തു ക്രൂരതക്കും ഉപയോഗിക്കാമെന്നതിന്റെ ഈ ഓർമപ്പെടുത്തലുകൾ. അതേസമയത്താണ് ഓപൺ ഹൈമർ എന്ന ഹോളിവുഡ് സിനിമയും അതിലുദ്ധരിക്കപ്പെടുന്ന ഭഗവത് ഗീതാ വചനങ്ങളും ലോകമാകെ ചർച്ച ചെയ്യപ്പടുന്നതും.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി വീഴുകയും ഹിറ്റ്‌ലർ മരണപ്പെടുകയും ചെയ്ത ശേഷം ജപ്പാൻ കീഴടങ്ങാൻ തയാറായി നിൽക്കുമ്പോഴായിരുന്നു അമേരിക്കയുടെ അണുബോംബ് പ്രയോഗങ്ങൾ എന്നതൊരു ചരിത്ര സത്യമാണ്. വിജയത്തിന്റെ ക്രെഡിറ്റ് സോവിയറ്റ് യൂനിയനു പോകാതിരിക്കുക, യുദ്ധത്തിനു ശേഷമുള്ള ലോകത്തിന്റെ അധിപനാകുക എന്ന അമേരിക്കയുടെ ലക്ഷ്യം തന്നെയായിരുന്നു അതിനു പിറകിൽ.  72 ദശലക്ഷം പേരാണ് യുദ്ധത്തിൽ  മരണമടഞ്ഞത്. 70 ലേറെ രാജ്യങ്ങൾ  യുദ്ധത്തിൽ പങ്കാളികളായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ജർമനി പിന്നീട്  ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നേതൃത്വത്തിൽ വലിയ സൈനിക ശക്തിയാകുകയും ലോകത്തെ കൈപ്പിടിയിലൊതുക്കാൻ തീരുമാനിക്കുകയും ചെയ്തതാണ് രണ്ടാം ലോകമഹായുദ്ധത്തിനു കാരണമായത്. ജപ്പാനും ഇറ്റലിയുമൊക്കെ അവർക്കൊപ്പം ചേരുകയും ചെയ്തു. ആറു വർഷത്തോളമാണ് യുദ്ധം നീണ്ടുനിന്നത്. അതിനിടയിൽ ജപ്പാനും ജർമനിയും റഷ്യയുമൊക്കെ ആണവായുധം നിർമിക്കാൻ പോകുന്നതായുള്ള വാർത്ത ലോകമാകെ പരന്നു. എന്നാലത് നടപ്പാക്കിയത് അമേരിക്കയായിരുന്നു എന്നു മാത്രം.

1945 ജൂലൈ 25 ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖല കമാൻഡർ ജനറലായ കാൾ സ്പാർട്‌സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദേശം ലഭിക്കുകയായിരുന്നു. 40,000 ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമ നഗരത്തെയാണ് ആദ്യം തെരഞ്ഞെടുത്തത്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമിച്ച ആ ബോംബിന് 12,500 ടൺ ടി.എൻ.ടിയുടെ പ്രഹര ശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽ വരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരം വരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. കറുത്ത മഴ ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണമായും നശിപ്പിച്ചു. സ്‌ഫോടനത്തിൽ 1,40,000 ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടിയതും ചരിത്രം. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നര ലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. പിന്നാലെ നാഗസാകിയിലും ഇതാവർത്തിച്ചു.

അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു മൻ ഹാട്ടൻ പ്രോജക്ട്. അതിന്റെ തലവനായിരുന്ന റോബർട്ട് ഓപൺ ഹെയ്മർ ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത  'ഓപൺ ഹൈമർ' എന്ന പേരിൽ തന്നെയുള്ള സിനിമ ലോകമാകെ പ്രദർശിപ്പിക്കുന്നു എന്നതാണ് ഇക്കുറി ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിലെ പ്രത്യേകത. ബോംബിംഗിന്റെ സമയത്തും രതിയുടെ വേളയിലും താൻ മരണമാണ്,  ലോകങ്ങളെ നശിപ്പിക്കുന്നവനാണ് എന്ന ഭഗവദ് ഗീത സൂക്തം വായിക്കുന്നു നോളന്റെ ഓപൺ ഹൈമർ എന്നതും വിവാദവും ചർച്ചയുമായിട്ടുണ്ട്. 

ലോകം കണ്ട ഏറ്റവംു മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ ഇ സമം എംസി സ്‌ക്വയർ എന്ന സമവാക്യമാണല്ലോ അണുബോംബിനു അടിത്തറയിട്ടത്. പിന്നീട് ഐൻസ്റ്റീൻ അനുഭവിച്ച മാനസിക സഘർഷങ്ങൾ പ്രസിദ്ധമാണ്. സമാനമായിരുന്നു ഓപൺ ഹൈമറിന്റെയും അവസ്ഥ. തന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ആറ്റംബോംബ് സൃഷ്ടിച്ച ഭീകരത അദ്ദേഹത്തെയും ഞെട്ടിച്ചിരുന്നു. അതിനാൽ തന്നെ അണുവായുധങ്ങളുടെ നിയന്ത്രണത്തിനായും ഹൈഡ്രജൻ ബോംബ് സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരായും അദ്ദേഹം നിലപാടെടുത്തിരുന്നു. അതോടെ അമേരിക്കയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്ന അദ്ദേഹം നോട്ടപ്പുള്ളിയാകുകയായിരുന്നു. അദ്ദേഹം വിചാരണക്കും അപമാനത്തിനും വിധേയമാകുന്നു. സുരക്ഷ സംവിധാനങ്ങൾ   പിൻവലിക്കുന്നു.

സത്യത്തിൽ ഹിറ്റ്ലർ അണുബോംബുണ്ടാക്കിയാൽ ഉണ്ടാകാവുന്ന ദുരന്തങ്ങളെ കുറിച്ചുള്ള ആശങ്കയായിരുന്നു അമേരിക്കയുടെ അണുബോംബ് നിർമാണത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഹൈമറെ നിർബന്ധിതനാക്കിയത്. യുദ്ധശേഷം തന്റെ കൈയിൽ ചോരക്കറയുണ്ടെന്നു പറയുന്ന ഹൈമറിനു അതു തുടയ്ക്കാനായി ടവൽ നൽകുകയാണ് പ്രസിഡന്റ് ട്രൂമാൻ ചെയ്യുന്നത്. ഹൈമറിന്റെ കാമുകിക്കുണ്ടായിരുന്ന കമ്യൂണിസ്റ്റ് ബന്ധവും അദ്ദേഹത്തിനു കുരുക്കായി. പിന്നീട് ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഹൈമറിന്റേത്. രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവും വൈയക്തിക വികാരങ്ങളും രതിയും പ്രണയവുമെല്ലാം കൈകോർക്കുന്ന ഹൈമറുടെ ജീവിതം ആകർഷകമായി ആവിഷ്‌കരിക്കുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. അപ്പോഴും ഫാസിസത്തെ നേരിടാനെന്ന ന്യായീകരണമുണ്ടായിരുന്നെങ്കിലും ഹൈമർക്കും ശാസ്ത്രത്തിനും അമേരിക്കക്കും ലോകജനതക്കും തെറ്റു പറ്റിയോ, ജർമനി ബോംബുണ്ടാക്കുമായിരുന്നോ എന്ന ചോദ്യം സിനിമ അവശേഷിപ്പിക്കുന്നു. മാനവ രാശിക്കും ഇനി ഒരു കാലത്തും ഇതിനു മറുപടി പറയാനാകുമെന്നു തോന്നുന്നില്ല.  ഓപൺ ഹൈമർ 1954 ഒക്ടോബറിൽ ഒരു പ്രസംഗത്തിൽ പറഞ്ഞതും ഓർക്കുന്നു. ''അവ ഭീകരതയുടെ ആയുധങ്ങളായിരുന്നു, പ്രതിരോധ ആയുധങ്ങളായിരുന്നില്ല. ഇതിനകം പരാജയപ്പെട്ട ശത്രുവിന്റെ മേലാണ് അവ ഉപയോഗിച്ചത്''.

ഹിരോഷിമ സംഭവത്തിനു ശേഷം ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഭരണകൂടം സൃഷ്ടിക്കണമെന്ന് നയരൂപീകരണക്കാരെ പ്രേരിപ്പിക്കാനാണ് ഹൈമർ തന്റെ പിൽക്കാലം ചെലവഴിച്ചത്. എന്നാൽ അതൊന്നും വിജയിച്ചില്ല എന്നതാണല്ലോ ലോക ചരിത്രം. തീർച്ചയായും പിന്നീട് ഒരു രാജ്യവും അണുവായുധം പ്രയോഗിച്ചിട്ടില്ല. എന്നാൽ ലോകത്തെ എത്രയോ തവണ നശിപ്പിക്കാനുള്ള അണുവായുധങ്ങളാണ് ആണവ രാജ്യങ്ങളുടെ ആയുധപ്പുരകളിൽ കാത്തിരിക്കുന്നത്. ഇനിയുമൊരു ആണവ യുദ്ധമുണ്ടായാൽ വിജയിക്കാൻ ആരും അവശേഷിക്കില്ല എന്ന ഭയമാണ് ആദ്യം തങ്ങൾ അണുബോംബ് പ്രയോഗിക്കില്ല എന്നു പല രാജ്യങ്ങളെയും കൊണ്ട് പറയിച്ചത്. എന്നാൽ ഏതെങ്കിലുമൊരു യുദ്ധഭ്രാന്തൻ തലപ്പത്തു വന്നാൽ ഇല്ലാതാകുന്നതേയുള്ളൂ ആ ഉറപ്പൊക്കെ. സോവിയറ്റ് യൂനിയന്റെ തകർച്ചക്കും ശീതയുദ്ധത്തിന്റെ അവസാനത്തിനു ശേഷവും കാര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ല. ആണവ നിരായുധീകരണ ദിനമൊക്കെ ഐക്യരാഷ്ട്ര സഭയും മറ്റും ആചരിക്കുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ശത്രു ആരായാലും ഉന്മൂലനം ചെയ്യുന്നത് ധർമമാണെന്ന ഗീതയുടെയും കൃഷ്ണന്റെയും സന്ദേശം തന്നെയാണ് അർജുനന്മാർ ഏറ്റെടുക്കുന്നത്. ഞാൻ മരണമാണ്,  ലോകങ്ങളെ നശിപ്പിക്കുന്നവനാണ് എന്ന  സൂക്തം ഇനിയും ഉരിയാടപ്പെടാനുള്ള സാധ്യതകൾ നിലനിർത്തി തന്നെയാണ് ഈ വർഷത്തെ ഹിരോഷിമ - നാഗസാകി ദിനങ്ങൾ കടന്നുപോകുന്നത്. 

 

Latest News