Sorry, you need to enable JavaScript to visit this website.

യൂട്യൂബര്‍ ചെകുത്താന്റെ പരാതിയില്‍ പോലീസ് നടന്‍ ബാലയുടെ മൊഴിയെടുത്തു

കൊച്ചി- വീട് കയറി അക്രമിച്ചുവെന്ന യൂട്യൂബര്‍ ചെകുത്താന്റെ പരാതിയില്‍ പോലീസ് നടന്‍ ബാലയുടെ മൊഴിയെടുത്തു. തൃക്കാക്കര പോലീസ് നടന്റെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.ചെകുത്താന്‍ എന്ന് വിളിപ്പേരുള്ള അജു അലക്സിനെ ഭീഷണിപ്പെടുത്തിയതിനാണ് തൃക്കാക്കര പോലീസ് ബാലയ്ക്കെതിരെ കേസെടുത്തത്. ആറാട്ടണ്ണന്‍ എന്ന അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിക്കുന്ന വീഡിയോ ട്രോള്‍ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നില്‍ എന്നാണ് എഫ്ഐആറിലുള്ളത്. ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യൂബര്‍ അജു അലക്സ് ഇടപ്പള്ളി ഉണ്ണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ അതിക്രമിച്ച് കയറിയ ബാല അജു അലക്സിനെ അന്വേഷിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.
വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും അജു അലക്സ് വീഡിയോ ചെയ്യാനായി ഉപയോഗിച്ചിരുന്ന ബാക്ഡ്രോപ്പ് വലിച്ചുകീറിയെന്നും എഫ്ഐആറിലുണ്ട്. ഇതിന് പിന്നാലെയാണ് അജു അലക്സും അബ്ദുല്‍ ഖാദറും തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്.പരാതിക്ക് പിന്നാലെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി ബാലതന്നെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരുന്നു. അതേസമയം, ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സന്തോഷ് വര്‍ക്കി രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം തന്നെ മുറിയില്‍ പൂട്ടിയിട്ടു എന്നാണ് ആരോപണം.

Latest News