Sorry, you need to enable JavaScript to visit this website.

38 രാജ്യങ്ങളിലെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ഖത്തര്‍ ചാരിറ്റി

ദോഹ- പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, ഖത്തറിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഖത്തര്‍ ചാരിറ്റി  'വിദ്യാഭ്യാസം സാധ്യമാക്കുന്നു' എന്ന കാമ്പയിന്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏകദേശം 100,000 വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാമ്പയിന്‍ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് പ്രതിസന്ധികളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയും
 കടന്നുപോകുന്ന രാജ്യങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഖത്തര്‍ ചാരിറ്റിയുടെ തന്ത്രപ്രധാനമായ പ്രവര്‍ത്തന മേഖലകളിലൊന്നായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ കാമ്പെയിന്‍.  

വിദ്യാര്‍ഥികള്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗുകള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയുടെ ചെലവുകളും ട്യൂഷന്‍ ഫീസും കവര്‍ ചെയ്യുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.  യെമനിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ , ജിബൂട്ടിയിലെയും ഗാംബിയയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും കാമ്പയിനിന്റെ ഭാഗമാണ്.   കൂടാതെ, 66 പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും പരിപാലിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുവാനും കാമ്പെയിന്‍ ലക്ഷ്യമിടുന്നു.

അനാഥരായ വിദ്യാര്‍ത്ഥികള്‍ക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും വിദ്യാഭ്യാസ പദ്ധതികള്‍ ഖത്തറില്‍ നടപ്പാക്കും. സ്‌കൂള്‍ ബാഗുകള്‍, സ്‌കൂള്‍ യൂണിഫോം, ലാപ്‌ടോപ്പുകള്‍ എന്നിവ നല്‍കല്‍, യാത്രാ ഫീസും മറ്റ് ചെലവുകളും കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മൊത്തം 4,510 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും.

നൈജീരിയ, ഘാന, സൊമാലിയ, ബുര്‍ക്കിന ഫാസോ, തുര്‍ക്കി, ടുണീഷ്യ, കിര്‍ഗിസ്ഥാന്‍, മാലി, മൊറോക്കോ, സുഡാന്‍, കെനിയ, എത്യോപ്യ, മോണ്ടിനെഗ്രോ, സെനഗല്‍, ദക്ഷിണാഫ്രിക്ക, ടോഗോ, ബെനിന്‍, ബുറുണ്ടി, അല്‍ബേനിയ, ബോസ്നിയ, ഹെര്‍സഗോവിന , കൊസോവോ, പലസ്തീന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ലെബനന്‍, യെമന്‍, ജോര്‍ദാന്‍, മൗറിറ്റാനിയ, നൈജര്‍, ജിബൂട്ടി, ശ്രീലങ്ക, ഗാംബിയ, ടാന്‍സാനിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് പ്രചാരണം പ്രധാനമായും ലക്ഷ്യമിടുന്നത്.

Latest News