ദുബായ്- ശക്തമായ കാറ്റും ആലിപ്പഴ വർഷവുമായി ദുബായിൽ കനത്ത മഴ. അതിശക്തമായ കാറ്റിൽ കടകളുടെ ബ്രാൻഡ് ബോർഡുകളും ഫ്‌ലാറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിനകളും അടക്കം പറന്നു പോയി. മരങ്ങൾ കടപുഴകി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധം ശക്തമായിരുന്നു കാറ്റ്. കാറ്റിന്റെ ശക്തിയിൽ ഏതാനും മിനിറ്റു നേരം വെളുത്ത പുകയിൽ കാഴ്ചയും മറഞ്ഞു. ജനലുകളും വാതിലുകളും തുറക്കാനാവാത്ത വിധം കാറ്റ് വീശി. ഈ സമയം ആലിപ്പഴത്തിന്റെ അകമ്പടിയോടെ മഴയുമുണ്ടായി. അടുത്തയിടെ ഉണ്ടായതിൽ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ വീശിയടിച്ചത്. കരാമ, കുദ്ര, ബർഷ, ഊദ്‌മേത്ത, ദുബായ് ഹിൽസ്, അൽഖൂസ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
ജബൽ അലി റോഡിൽ വ്യാപകമായി ആലിപ്പഴം പെയ്തു. അൽ മർമും മേഖലയിൽ വെള്ളക്കെട്ടുമുണ്ടായി. ഷാർജയിലും സമാനമായിരുന്നു സ്ഥിതി. പ്രധാന റോഡുകളിലെല്ലാം ഗതാഗത മുന്നറിയിപ്പ് ബോർഡുകൾ തെളിഞ്ഞു. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ തെന്നി നീങ്ങിയെങ്കിലും കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കറാമ പാർക്കിൽ വലിയ മരങ്ങൾ കടപുഴകി, പറന്നു പോയ ഇരുമ്പ് ബോർഡുകളും മറ്റും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മേൽ പതിച്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടായി.






