കൊച്ചി - കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയെ തള്ളി സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപത. വൈദികർക്കും വിശ്വാസികൾക്കുമായി മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പുറപ്പെടുവിച്ച സർക്കുലർ ഇന്ന് അതിരൂപതയുടെ പള്ളികളിൽ വായിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും മിക്ക പള്ളികളിലും വായിച്ചില്ലെന്നാണ് വിവരം.
ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്നും മാർപ്പാപ്പയുടെ പ്രതിനിധി സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണമെന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി നിലപാട് സ്വീകരിച്ചിരുന്നു.
ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയതിനെ തുടർന്നുണ്ടായ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചിരുന്നത്. കുർബാന എങ്ങനെ അർപ്പിക്കണമെന്ന ആശങ്ക വർഷങ്ങളായി അതിരൂപതയിലും സിറോ മലബാർ സഭയിലും നിലനില്ക്കുകയാണെന്നും ദൈവഹിതത്തിന് പൂർണമായി യോജിച്ച പരിഹാരം ഒരുമിച്ച് അന്വേഷിക്കാമെന്നും ഇടവകാംഗങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂട്ടായ പ്രയത്‌നത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നും ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതോട് പോസിറ്റീവായൊരു സമീപനം എറണാകുളം അങ്കമാലി അതിരൂപതയിലെ അധികൃതരിൽനിന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ തുടർ സമീപനം എന്താവുമെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. അതിനിടെ, ആർച്ച് ബിഷപ്പിന്റെ പരിഗണനാ വിഷയങ്ങൾ വെളിപ്പെടുത്താത്തത് സംശയാസ്പദമാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തുവന്നിരുന്നു. സംഭവത്തിൽ മാർപ്പാപ്പയുടെ പ്രതിനിധി പ്രതികരിച്ചിട്ടില്ല.